
















ഇറാനില്‍ അമേരിക്കയും, ഇസ്രയേലും കടന്നാക്രമണം നടത്തുമ്പോള്‍ ബാക്കി രാജ്യങ്ങള്‍ക്ക് വെറുതെ കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഗള്‍ഫ് മേഖലയിലെ പല ഭാഗത്തും, അതും ഇറാനുമായി കൂട്ടുള്ള ഖത്തര്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ക്ക് നേരെ ഡ്രോണുകള്‍ പറന്നെത്തുമ്പോള്‍ അമേരിക്ക-ഇസ്രയേല്‍ കൂട്ടുകെട്ടിനൊപ്പം ചേരാന്‍ നിര്‍ബന്ധിതമാകുകയാണ് രാജ്യങ്ങള്‍. ഇതോടെ മൂന്നാം ലോകമഹായുദ്ധ ഭീതിയും പടരുന്നു.
ബ്രിട്ടനും സ്ഥിതിഗതികളില്‍ ആശങ്കയ്ക്ക് വകയുണ്ടെന്നാണ് പ്രതിരോധ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. യുദ്ധത്തില്‍ പങ്കെടുക്കാത്ത ബ്രിട്ടന്റെ സൈപ്രസിലുള്ള ആര്‍എഎഫ് അക്രോടിരിയ്ക്ക് നേരെ ഡ്രോണ്‍ അക്രമണം ഉണ്ടായതോടെ, ആ ഡ്രോണുകള്‍ ഏത് നിമിഷവും ലണ്ടനിലേക്കും, ലിവര്‍പൂളിലേക്കും ഒക്കെ എത്താമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സഖ്യകക്ഷികളുടെ അക്രമണങ്ങളെ തടയാന്‍ പല രാജ്യങ്ങള്‍ക്കും എതിരായാണ് ഇറാന്‍ ഡ്രോണ്‍ അക്രമണം നടത്തുന്നത്. 
ഇതോടൊപ്പം ഇറാന്റെ ഷഹീദ് ഡ്രോണുകള്‍ക്ക് 90 കിലോ വരെ സ്‌ഫോടകവസ്തുക്കള്‍ ചുമക്കാന്‍ കഴിയുമെന്നതിനാല്‍ ആഘാതം വര്‍ദ്ധിപ്പിക്കാനും കഴിയും. 3000 മൈല്‍ അകലെയുള്ള ഇറാനില്‍ നിന്നും നേരിട്ടല്ല, പകരം റഷ്യ, ഇറാന്‍, ഈസ്റ്റേണ്‍ യൂറോപ്യന്‍ തീവ്രവാദ സംഘങ്ങള്‍ എന്നിവരുടെ കപ്പലുകളില്‍ നിന്നും ഈ ഡ്രോണുകള്‍ തൊടുക്കാന്‍ കഴിയുമെന്നതാണ് ആശങ്ക.
ഇസ്രയേലിന് അയേണ്‍ ഡോമും, ഡേവിഡ് സ്ലിംഗും, ആരോ സിസ്റ്റവും പോലുള്ള അത്യാധുനിക പ്രതിരോധ സംവിധാനങ്ങളുണ്ട്. ബ്രിട്ടനെ സംബന്ധിച്ച് ഇതൊന്നും ലഭ്യവുമല്ല. ബ്രിട്ടന് അകത്തുള്ള ഇറാന്‍ ചാരന്‍മാരും, കൊലയാളികളും, ഭീകരരും ഉത്തരവ് ലഭിച്ചാല്‍ ഏത് നിമിഷവും അശാന്തി അഴിച്ചുവിടാം. ഗവണ്‍മെന്റ് ഇത്തരം പ്രശ്‌നങ്ങളെ മുന്‍കൂട്ടി കാണുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
സ്വന്തം ജനതയെ കൊന്നൊടുക്കാന്‍ മടി കാണിക്കാത്ത അയാത്തൊള്ളയുടെ മരണത്തില്‍ ബ്രിട്ടനിലെ വിവിധ മുസ്ലീം പള്ളികള്‍ വിജില്‍ സംഘടിപ്പിച്ചു. 15 ഇസ്ലാമിക സ്റ്റുഡന്റ് സംഘടനകള്‍ ദുഃഖപ്രകടനം നടത്തി. ബ്രിട്ടന്റെ മണ്ണില്‍ നിന്നുള്ള ഈ സൂചനകള്‍ കാണാതെ പോകരുതെന്നാണ് മുന്നറിയിപ്പ് പറയുന്നത്.