
















കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പിനെതിരെ പോലീസ് കേസെടുത്തു. 'ഇന്‍സ്റ്റാ പേ' എന്ന ലോണ്‍ ആപ്പിനെതിരെയാണ് കേസ് എടുത്തത്. നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ്‌ഐആര്‍. ലോണ്‍ ആപ്പ് അധികൃതരില്‍ നിന്നുള്ള മാനസിക സമ്മര്‍ദത്തിന് പുറമേ അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും നിതിന് കടുത്ത ഒറ്റപ്പെടുത്തല്‍ ഉണ്ടായെന്നും അന്വേഷണത്തില്‍ കണ്ടെത്തല്‍.
അതേസമയം, നിതിന്‍ രാജിന്റെ മരണത്തില്‍ ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. അഞ്ചരക്കണ്ടി കോളേജിലെ അനിശ്ചിതകാല സമരം തുടരുകയാണ്. ഇന്നും വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം നടക്കും. അതേസമയം, പ്രതികളായ അധ്യാപകര്‍ ഒളിവില്‍ തുടരുകയാണ്. നിതിന്‍ രാജിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സര്‍വകലാശാല അന്വേഷണസമിതി ഇന്ന് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ എത്തും. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും.
അധ്യാപകനായ ഡോ. റാമിന്റെ പീഡനമാണ് നിതിന്‍രാജിന്റെ മരണത്തിന് കാരണമായതെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു. ആരോപണവിധേയനായ ഡോ. എം കെ റാമിനെ കോളേജില്‍ നിന്നും പുറത്താക്കാന്‍ തീരുമാനം ആയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രതിഷേധത്തെയും പരാതിയെയും തുടര്‍ന്നാണ് കോളേജ് അധികൃതരുടെ ഈ നടപടി.