
















കോഴിക്കോട് ചെലവൂര്‍ മൂഴിക്കലില്‍ നസ്രീനയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ അദ്‌നാന്‍ ജീവനൊടുക്കിയ സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നതായി സൂചന. കൊല്ലപ്പെട്ട നസ്രീനയുടെ രണ്ട് ഫോണുകളും അദ്‌നാന്റെ ഒരു ഫോണും പെണ്‍കുട്ടിയുടെ വീട്ടിലെ കിണറ്റില്‍ നിന്നും പോലീസ് കണ്ടെത്തി. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ ലഭിച്ചത്.
പ്രതിയായ അദ്‌നാന്‍ നസ്രീനയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, അദ്‌നാന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നിട്ടും ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ എങ്ങനെയെത്തി എന്നതാണ് അന്വേഷണത്തില്‍ പോലീസിനെ കുഴക്കുന്നത്. പ്രതി തന്നെയാണ് ഫോണുകള്‍ കിണറ്റിലെറിഞ്ഞതെങ്കില്‍ മുറിയില്‍ നിന്ന് കണ്ടെത്തിയ മറ്റൊരു ഫോണ്‍ എന്തുകൊണ്ട് നശിപ്പിച്ചില്ല എന്നതും സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
സംഭവത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കും. ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കുന്നതോടെ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ഏപ്രില്‍ 14 പുലര്‍ച്ചെയാണ് ഈസ്റ്റ് മൂഴിക്കല്‍ സ്വദേശിനി നസ്രീനയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ സഹോദരിയുടെ മകനായ അദ്‌നാനെ മറ്റൊരു മുറിയില്‍ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. നസ്രീനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അദ്‌നാന്‍ മുഖത്ത് ടേപ്പ് ചുറ്റി ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
നസ്രീനയുടെ വീട്ടില്‍ താമസിച്ചിരുന്ന അദ്‌നാനെ ചില പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബറില്‍ അവിടെ നിന്ന് പുറത്താക്കിയത്.