CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes Ago
Breaking Now

കീത്ലി മലയാളി അസോസിയേഷന് നവനേതൃത്വം; ഡോ. അഞ്ജു ഡാനിയേല്‍ നയിക്കും..... അലക്‌സ് എബ്രഹാം സെക്രട്ടറി..... ജോര്‍ജ് പതിയില്‍ ട്രഷറര്‍

കീത്ലി: കീത്ലി മലയാളി അസോസിയേഷന്‍ (കെ.എം.എ) സംഘടിപ്പിച്ച ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷങ്ങള്‍ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ഐക്യത്തിന്റെയും ആഘോഷചൈതന്യത്തിന്റെയും മനോഹരമായ സംഗമമായി മാറി. ഏപ്രില്‍ 11-ന് കീത്ലിയിലെ വിക്ടോറിയ ഹാളില്‍ നടന്ന ആഘോഷവിരുന്നില്‍ കലയും പാരമ്പര്യവും ഒരുമിച്ചൊഴുകി. 

കെ.എം.എ പ്രസിഡന്റ് ഷിബു മാത്യുവിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. സെക്രട്ടറി ടോം ജോസഫ് കഴിഞ്ഞ വര്‍ഷം നടന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജോര്‍ജ് പതിയില്‍  സംഘടനയുടെ സാമ്പത്തിക നിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 

കീത്ലി സീറോ മലബാര്‍ ഇടവക വൈദികരായ ജോസ് അന്തിയാംകുളം, ജോയല്‍ പണ്ടാരപ്പറമ്പില്‍ എന്നിവര്‍ യോഗത്തില്‍ വിശിഷ്ടാതിഥികളായിരുന്നു. വിശിഷ്ടാതിഥികള്‍ യോഗത്തിന് സന്ദേശം നല്‍കി.

ചടങ്ങിനോടനുബന്ധിച്ച് അടുത്ത വര്‍ഷത്തേക്കുള്ള സംഘടനയുടെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. നിലവിലെ കമ്മിറ്റിയാണ് ചെറിയ സ്ഥാനമാറ്റങ്ങളോടെ ഒരു വര്‍ഷം കൂടി തുടരാന്‍ തീരുമാനിച്ചത്. ഡോ. അഞ്ജു ഡാനിയല്‍  പ്രസിഡന്റായും, അലക്‌സ് എബ്രഹാം  സെക്രട്ടറിയായും, റീന മാത്യു വൈസ് പ്രസിഡന്റായും, നിഷ റാണി ജോയിന്റ് സെക്രട്ടറിയായും, ജോര്‍ജ് പതിയില്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ടോം ജോസഫ്, ഷിബു മാത്യു, സോജന്‍ മാത്യു, റോബിന്‍ ജോണ്‍, അനീഷ് പോള്‍, ജോര്‍ജ് ജോസഫ്, അഞ്ജലി ലിന്റോ, ഷീബ ജോസഫ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. 

പുതിയ ഭാരവാഹികള്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്കും സംഘടനയുടെ അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു.

യേശുക്രിസ്തുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളായ ഓശാന ഞായര്‍, അന്ത്യ അത്താഴം, കുരിശുമരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയെ ആസ്പദമാക്കി ഒരുക്കിയ ഈസ്റ്റര്‍ നാടകം വേദിയില്‍ അവതരിപ്പിക്കപ്പെട്ടു.  ഓശാനയുടെ ആഹ്ലാദത്തില്‍ ആരംഭിച്ച് അന്ത്യ അത്താഴത്തിന്റെ നിശ്ശബ്ദതയിലൂടെയും കുരിശുമരണത്തിന്റെ വേദനയിലൂടെയും കടന്നുപോയ നാടകം, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രത്യാശയും ആത്മവിശ്വാസവും നിറഞ്ഞ സന്ദേശത്തോടെ സമാപിച്ചു.

വിഷുക്കണിയും ഒരുക്കിയിരുന്നു. കണ്ണിന് ആനന്ദം പകരുന്ന ഈ മനോഹര ദൃശ്യാവിഷ്‌കാരം, 

രാവിലെ കുട്ടികളെ വിശുദ്ധമായ വിഷുക്കണിയിലേക്ക് പരിചയപ്പെടുത്തുന്ന പാരമ്പര്യരീതിയും, കുടുംബത്തിലെ മുതിര്‍ന്നവര്‍ സ്‌നേഹപൂര്‍വ്വം കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്ന ഹൃദ്യമായ ദൃശ്യവും ചേര്‍ത്തു, വിഷു ആഘോഷത്തിന്റെ സാംസ്‌കാരിക സൗന്ദര്യം വേദിയില്‍ മനോഹരമായി പുനരാവിഷ്‌കരിച്ചു.

പ്രശസ്ത സിനിമാതാരം ശ്രീനിവാസനെ അനുസ്മരിച്ച് കെ.എം.എ അംഗങ്ങള്‍ അവതരിപ്പിച്ച ഹാസ്യനാടകം ഏറെ ശ്രദ്ധ നേടി. ശ്രീനിവാസന്റെ സിനിമകളിലെ കഥാപാത്രങ്ങളും പ്രശസ്ത ഡയലോഗുകളും ഉള്‍പ്പെടുത്തിയ അവതരണം പ്രേക്ഷകരെ ഏറെ രസിപ്പിച്ചു. കെ.എം.എ കലാകാരനായ ഫെര്‍ണാണ്ടസ് വര്‍ഗീസ് വരച്ച ശ്രീനിവാസന്റെ ചിത്രവും ശ്രദ്ധേയമായി.

കേരള സ്‌റ്റൈല്‍, നോര്‍ത്ത് ഇന്ത്യന്‍ , ഹോളിഡേ, വെസ്റ്റേണ്‍ , ഇന്നോവേറ്റീവ് സ്‌റ്റൈല്‍ തുടങ്ങിയ വിവിധ വേഷഭാവങ്ങളിലൂടെ പുരുഷന്മാര്‍ അവതരിപ്പിച്ച ഫാഷന്‍ ഷോയും ആഘോഷത്തിന് നിറം കൂട്ടി. കെ.എം.എ യിലെ വനിതകളും പുരുഷന്മാരും ചേര്‍ന്ന് അവതരിപ്പിച്ച ഫ്‌ലാഷ് മൊബ് മറ്റൊരു സര്‍പ്രൈസ് പ്രകടനമായി മാറി. നിരവധി മലയാളം-ഹിന്ദി സിനിമാ ഗാനങ്ങളുടെ താളത്തിനൊത്ത് അവര്‍ അവതരിപ്പിച്ച നൃത്തച്ചുവടുകള്‍ ആഘോഷവേദിയെ ആവേശഭരിതമാക്കി.

'ഒരു വടക്കന്‍ വീരഗാഥ' സിനിമയെ ഓര്‍മ്മിപ്പിക്കുന്ന ഹാസ്യനാടകവും പ്രേക്ഷക പ്രശംസ നേടി. ഈസ്റ്റര്‍, വിഷു, ഈദ് എന്നീ ആഘോഷങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച സെമിക്ലാസിക്കല്‍ നൃത്തം അതിന്റെ മനോഹരമായ ചുവടുകളും വേഷങ്ങളും കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. 

ചടുലമായ ചലനങ്ങളോടും താളബദ്ധമായ പാദവിന്യാസങ്ങളോടും കൂടെ അവതരിപ്പിച്ച കാവടി നൃത്തം വേദിയെ ആഴത്തിലുള്ള ഭക്തിസാന്ദ്രതയാല്‍ നിറച്ചു. പരമ്പരാഗത വാദ്യങ്ങളുടെ താളമേളത്തോടൊപ്പം കാവടി, കുടം, വേല്‍, മയില്‍ എന്നിവയുടെ സൂക്ഷ്മവും കലാപരവുമായ ഉപയോഗം നൃത്തത്തിന് ദൃശ്യസൗന്ദര്യവും ഭക്തിഭാവവും കൂടുതല്‍ ശക്തമാക്കി.പോള്‍ക്ക ഡോട്ട് സാരിയും റെട്രോ ഹെയര്‍സ്‌റ്റൈലുമായി വനിതകള്‍ അവതരിപ്പിച്ച റെട്രോ ഡാന്‍സ് കൈയടികള്‍ നേടി.

 

സിനിമാഗാനങ്ങളുടെ ദൃശ്യാവിഷ്‌കാരത്തോടൊപ്പം അവതരിപ്പിച്ച റെപ്ലിക്ക ഡാന്‍സും ആഘോഷത്തിന്  വേറിട്ട മായാജാലം പകര്‍ന്നു. കുഞ്ഞുകുട്ടികളില്‍ നിന്ന് കൗമാരക്കാരുവരെയുള്ള കുട്ടികളുടെ വിവിധ നൃത്താവിഷ്‌കാരങ്ങള്‍ വേദിയെ ഒരു സാംസ്‌കാരിക പൂക്കാലമാക്കി മാറ്റി. കെ.എം.എയിലെ  ഗായകരുടെ സോളോയും ഡ്യൂയറ്റ് ഗാനങ്ങളും സംഗീതാസ്വാദകര്‍ക്ക് മികച്ച അനുഭവമായി.

 

കോക്കനട്ട് ലഗൂണ്‍, യോര്‍ക്ക് ആയിരുന്നു ഭക്ഷണ ക്രമീകരണം ഒരുക്കിയത്. ലൈറ്റ്, സൗണ്ട്, വീഡിയോ വാള്‍ സംവിധാനങ്ങള്‍ ലാഡ്‌സ്  ഇവന്റ്‌സ്  കീത്ലി നിര്‍വഹിച്ചു.ഡി.ജെയും നൃത്തവിരുന്നുമായി ആഘോഷങ്ങള്‍ സമാപിച്ചു. കീത്ലി മലയാളി അസോസിയേഷന്റെ പുതിയ പ്രസിഡന്റ് ഡോ. അഞ്ജു ഡാനിയല്‍ സെക്രട്ടറി അലക്‌സ് എബ്രഹാം എന്നിവര്‍ എല്ലാവരോടും നന്ദി രേഖപ്പെടുത്തി.  കൂടാതെ തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിക്ക് എല്ലാവരുടേയും പിന്തുണയും അഭ്യര്‍ത്ഥിച്ചു.

 

 

 

 

ബാബു സെബാസ്റ്റ്യന്‍

 

 




കൂടുതല്‍വാര്‍ത്തകള്‍.