CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 48 Seconds Ago
Breaking Now

മന്ത്രിസഭയില്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ് മുന്‍ഗണന: വിമര്‍ശനവുമായി ദേശാഭിമാനി

'ടീം യുഡിഎഫ്' എന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചെങ്കിലും തുടര്‍ന്ന് പ്രകടമായത് അനൈക്യത്തിന്റെയും ചേരിതിരിഞ്ഞുള്ള അവകാശവാദങ്ങളുടെയും തര്‍ക്കങ്ങളുടെയും പരമ്പരയാണെന്നും ദേശാഭിമാനി എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നുണ്ട്

യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ വിമര്‍ശനവുമായി ദേശാഭിമാനി ദിനപത്രത്തിന്റെ എഡിറ്റോറിയല്‍. മന്ത്രിസഭയില്‍ ഇടംപിടിച്ചവരില്‍ നേതാക്കളുടെ മക്കളും ബന്ധുക്കളുമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ദേശാഭിമാനിയുടെ വിമര്‍ശനം. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും മക്കള്‍ രാഷ്ട്രീയത്തിന് ഉദാഹരണമാണ് ഇവരുടെ മന്ത്രിസഭാ പങ്കാളിത്തം എന്ന് ചൂണ്ടിക്കാണിച്ചാണ് ദേശാഭിമാനി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പുതുയുഗമെന്ന് പ്രഖ്യാപിച്ച മന്ത്രിസഭയിലാകട്ടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ് മുന്‍ഗണന എന്ന മുഖവുരയോടെയാണ് ദേശാഭിമാനി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ മകന്‍ കെ മുരളീധരന്‍, മുന്‍ ചീഫ് വിപ്പ് സീതി ഹാജിയുടെ മകന്‍ പി കെ ബഷീര്‍, നാലുതവണ മന്ത്രിയായിരുന്ന ടി എം ജേക്കബ്ബിന്റെ മകന്‍ അനൂപ് ജേക്കബ്, മുന്‍മന്ത്രി ബേബി ജോണിന്റെ മകന്‍ ഷിബു ബേബി ജോണ്‍, മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി ഇ അബ്ദുള്‍ ഗഫൂര്‍, പാലക്കാട് എം പി വി കെ ശ്രീകണ്ഠന്റെ ഭാര്യ കെ എ തുളസി എന്നിവരുടെ മന്ത്രിപദവി ചൂണ്ടിക്കാണിച്ചാണ് ദേശാഭിമാനി വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. മുന്‍മന്ത്രി പി ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫിനെ ചീഫ് വിപ്പായി നിയോഗിച്ചതും ദേശാഭിമാനി എഡിറ്റോറിയലില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

'ടീം യുഡിഎഫ്' എന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചെങ്കിലും തുടര്‍ന്ന് പ്രകടമായത് അനൈക്യത്തിന്റെയും ചേരിതിരിഞ്ഞുള്ള അവകാശവാദങ്ങളുടെയും തര്‍ക്കങ്ങളുടെയും പരമ്പരയാണെന്നും ദേശാഭിമാനി എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നുണ്ട്. പൂര്‍ണതൃപ്തിയോടെ തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞില്ലെന്നും മന്ത്രിപ്പട്ടികയില്‍ അര്‍ഹര്‍ പലരും ഇല്ലാതെപോയെന്നുമുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ അഭിപ്രായവും എഡിറ്റോറിയലില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'അധികാരമെന്നത് ആസ്വദിക്കാനും ആഘോഷിക്കാനും ജാതിമത ശക്തികളെ തൃപ്തിപ്പെടുത്താനുമുള്ള അവസരമാണെന്ന കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും കാഴ്ചപ്പാടിന് വലതുപക്ഷ മാധ്യമങ്ങള്‍ പ്രോത്സാഹനം നല്‍കുകയാണ്. കണക്കുതീര്‍ക്കലിന്റെയും ഗ്രൂപ്പ് ശക്തിപ്പെടുത്തലിന്റെയും അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനങ്ങള്‍ പങ്കിട്ടു. മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതെ പോയ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, തന്നോട് ആഭിമുഖ്യമുള്ളവരെ മന്ത്രിമാരാക്കാന്‍ വ്യഗ്രത കാട്ടി. ഘടകകക്ഷികളിലും പരിഭവങ്ങളും പരാതികളും ബാക്കിയാ'ണെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫിന്റെ പതിവ് അധികാരത്തിമിര്‍പ്പിന്റെ പ്രതിഫലനമായെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നുണ്ട്. സുരക്ഷയുടെ ഭാഗമായ നിയന്ത്രണങ്ങള്‍ പോലും യുഡിഎഫ് പ്രവര്‍ത്തകര്‍ ലംഘിച്ചു. നേതാക്കള്‍ അതെല്ലാം അംഗീകരിച്ചുകൊടുക്കുകയും ചെയ്തുവെന്നും വിമര്‍ശനമുണ്ട്. അധികാരം കിട്ടിയാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ സംബന്ധിച്ച് ചില ഉറപ്പുകള്‍ യുഡിഎഫ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് വാ?ഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും ദേശാഭിമാനി യുഡിഎഫ് മന്ത്രിസഭയെ കുറ്റപ്പെടുത്തുന്നുണ്ട്. ആശമാരുടെ പ്രതിമാസവേതനം 21,000 രൂപയായി ഉയര്‍ത്താന്‍ ആദ്യമന്ത്രിസഭായോഗം തീരുമാനിക്കുമെന്നായിരുന്നു ഉറപ്പുകളിലൊന്ന്. ഇപ്പോള്‍ പ്രതിമാസം വേതനം 3000 രൂപ മാത്രം വര്‍ധിപ്പിച്ച് 12,000 ആക്കാനാണ് തീരുമാനിച്ചത്. ബാക്കി പിന്നീട് നോക്കാമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാട്. വിരമിക്കല്‍ ആനുകൂല്യം അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തുമെന്ന വാഗ്ദാനവും പാലിച്ചില്ല. ഇതിന് വേണ്ടിവരുന്ന അധിക സാമ്പത്തികബാധ്യത സംബന്ധിച്ച് പരിശോധന വേണമെന്നാണ് വിശദീകരണം. ഭരണം കിട്ടിയശേഷമല്ലേ കണക്കുകള്‍ ലഭ്യമാകൂ എന്നും മുഖ്യമന്ത്രി സതീശന്‍ ചോദിക്കുന്നു. ഒന്നും പഠിക്കാതെയാണോ ഉറപ്പ് നല്‍കിയതെന്നാണ് ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് ദേശാഭിമാനി ചോദിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.