CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 18 Minutes 22 Seconds Ago
Breaking Now

'എന്റെ ജന്മദിനത്തില്‍ തന്നെ നീ എന്നെ വിട്ടുപോയി', പ്രതിശ്രുത വരനെ കൊന്ന ശേഷം വധുവിന്റെ വൈകാരിക കുറിപ്പ് ; പൂനെയെ നടുക്കി ക്രൂര കൊലപാതകം

വിവാഹ നിശ്ചയത്തിനായി സ്വകാര്യ ജെറ്റുകളും കൊട്ടാരങ്ങളും ഉള്‍പ്പെടുന്ന ആഡംബര ഒരുക്കങ്ങള്‍ക്കിടയിലാണ് വരന്‍ മരിക്കുന്നത്.

മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തല്‍. പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. യുവാവിനെ കൊലപ്പെടുത്തിയതാകട്ടെ പ്രതിശ്രുത വധുവും. സംഭവം പൂനെയെ നടുക്കിയിരിക്കുകയാണ്.

വിവാഹ നിശ്ചയത്തിനായി സ്വകാര്യ ജെറ്റുകളും കൊട്ടാരങ്ങളും ഉള്‍പ്പെടുന്ന ആഡംബര ഒരുക്കങ്ങള്‍ക്കിടയിലാണ് വരന്‍ മരിക്കുന്നത്. പ്രതിശ്രുത വധു സിയ ഗോയല്‍ തന്നെയായിരുന്നു കേതന്‍ മരിച്ച വിവരം കുടുംബത്തെയും പൊലീസിനെയും അറിയിച്ചിരുന്നത്. കേതന്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീണതാണെന്നായിരുന്നു സിയ പറഞ്ഞത്.

വിവരം പുറംലോകമറിഞ്ഞതോടെ വൈകാരികമായൊരു കുറിപ്പും സിയ പങ്കുവെച്ചിരുന്നു. ആഴ്ചകള്‍ക്കപ്പുറം തന്റെ ഭര്‍ത്താവാകേണ്ടിയിരുന്ന ആളെ നഷ്ടപ്പെട്ടന്നാണ് കുറിപ്പില്‍ പറഞ്ഞത്. 'എന്റെ ജന്മദിനത്തിലാണ് നീ വിട്ടുപിരിയുന്നത്. നമ്മള്‍ വിവാഹിതരാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നീ പോയത്. എന്നോട് നീ എന്തിനിത് ചെയ്തുവെന്ന് എനിക്കിപ്പോഴും മനസ്സിലാവുന്നില്ല. എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നു, ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും. നിന്നെ ഞാന്‍ ഇത്രയുമധികം സ്നേഹിച്ചിട്ടും എന്തിനാണ് നീയെന്നെ വിട്ടുപോയത്. റെസ്റ്റ് ഇന്‍ പീസ്' എന്നാണ് സിയ പങ്കുവെച്ച പോസ്റ്റ്.

ആര്‍ക്കും ഒരു സംശയവും തോന്നതെയാണ് സിയ പെരുമാറിയത്. എല്ലാം കിറുകൃത്യമായിരുന്നു. പക്ഷെ സംഭവം ചെറുതായൊന്നു പാളി. പൊലീസ് അന്വേഷണം വധുവായ സിയയിലേക്ക് തിരിഞ്ഞത് പെട്ടെന്നായിരുന്നു. കേതന്‍ മികച്ചൊരു ട്രക്കര്‍ ആയിരുന്നതിനാല്‍ ഇത്തരമൊരു അപകടം പെട്ടെന്ന് സംഭവിക്കില്ലെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയാണ് പൊലീസിന് ആദ്യം സംശയമുണ്ടാക്കിയത്. കേതന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് നാലാം ദിവസം സിയ കേതന്റെ വീട്ടിലെത്തിയപ്പോള്‍ അവരുടെ അസ്വാഭാവികമായ പെരുമാറ്റവും മറുപടികളും കേതന്റെ സഹോദരിയില്‍ കൂടുതല്‍ സംശയമുളവാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിച്ചത്.

സിയയും അവരുടെ കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് നടത്തിയ കൊലപാതകമാണിതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകം നടത്തുന്നതിന് അഞ്ച് ദിവസം മുന്‍പ് കേതനെ കൊലപ്പെടുത്താന്‍ സിയയും കാമുകനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നാണ് ജൂണ്‍ പതിനെട്ടിന് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി കേതനെ കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തി.

സിയയും ചേതനും തമ്മില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 2,004 തവണ ഫോണില്‍ ബന്ധപ്പെടുകയും 238 മണിക്കൂറോളം സംസാരിക്കുകയും ചെയ്തതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകം നടന്ന ജൂണ്‍ 18ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 5.40 വരെ ചേതന്‍ തന്റെ ഫോണിലെ ഇന്റര്‍നെറ്റ് ഓഫാക്കി വെച്ചിരുന്നു. ലൊക്കേഷന്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ഫോണ്‍ കടയില്‍ തന്നെ വെക്കുകയും പകരം ഒരു ജീവനക്കാരന്റെ ഫോണ്‍ കൈവശം വെയ്ക്കുകയും ചെയ്തു. ഈ ഫോണുമായാണ് ഇയാള്‍ യാത്ര ചെയ്തതെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

പ്രമുഖ ബില്‍ഡര്‍ വിശാല്‍ അഗര്‍വാളിന്റെ മകനാണ് കേതന്‍. കേതനും സിയയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. വരുന്ന നവംബര്‍ 25ന് ഇവരുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ജയ്പൂരില്‍ കൊട്ടാരവും അതിഥികള്‍ക്കായി രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളും വരെ വിവാഹത്തിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടയിലാണ് അരുംകൊല നടന്നത്. സിയയുടെ ജന്മദിനം ആഘോഷിക്കാനായി മഹാബലേശ്വറിലേക്ക് യാത്ര പോകാനും കേതന്‍ പദ്ധതിയിട്ടിരുന്നു.

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.