CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 21 Seconds Ago
Breaking Now

ഖാര്‍ഗെ പ്രസംഗിക്കുന്നതിനിടെ ഡി കെ ശിവകുമാറിന് മുദ്രാവാക്യം വിളി; ഒന്നിനും കൊള്ളാത്തവരെന്ന് ശാസിച്ച് പാര്‍ട്ടി അധ്യക്ഷന്‍

മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ വേദിയില്‍ ഉണ്ടായിരുന്ന ഡി കെ ശിവകുമാര്‍ എഴുന്നേല്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

കര്‍ണാടകടത്തില്‍ കോണ്‍ഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ ശാസിച്ച് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. ബെംഗളൂരുവില്‍ നടന്ന സങ്കല്‍പ സമവേശ പരിപാടിയില്‍ ഖാര്‍ഗെ സംസാരിക്കുന്നതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ 'ഡി കെ, ഡി കെ...' മുദ്രാവാക്യം വിളിച്ചത്. ഇതോടെ ഇടപെട്ട ഖാര്‍ഗെ, പ്രവര്‍ത്തകരെ ഒന്നിനും കൊള്ളാത്തവരെന്ന് വിമര്‍ശിക്കുകയും അച്ചടക്ക നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ വേദിയില്‍ ഉണ്ടായിരുന്ന ഡി കെ ശിവകുമാര്‍ എഴുന്നേല്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

പ്രസംഗിക്കുന്നതിനിടെ സദസ്സില്‍നിന്ന് മുദ്രാവാക്യം വിളി ഉയര്‍ന്നതോടെ ആണ് ഖാര്‍ഗെ പ്രകോപിതനായത്. ഇത് ഒരു വ്യക്തിയുടെ പരിപാടിയല്ലെന്നും പാര്‍ട്ടി പരിപാടിയാണെന്നും ഖാര്‍ഗെ പറഞ്ഞു. 'ഇവിടെ വന്ന് ബഹളം വെച്ചാല്‍ രാജ്യം മുഴുവന്‍ കേള്‍ക്കുമോ? ഇത് ഒരു വ്യക്തിയുടെ പരിപാടിയല്ല, ഇതൊരു പാര്‍ട്ടി പരിപാടിയാണ്. ഒന്നിനും കൊള്ളാത്തവന്മാരെ, ഇവിടെ വ്യക്തിപൂജയില്ല, നാമെല്ലാവരും ഒന്നിച്ചു നില്‍ക്കുന്നത് പാര്‍ട്ടിയുടെ ഈ പരിപാടിക്ക് വേണ്ടിയാണ്'- ഖാര്‍ഗെ ശാസിച്ചു.

'ഒരാള്‍ ഒരു കാര്യം പറയുകയും മറ്റൊരാള്‍ വേറൊരു കാര്യം വിളിച്ചുപറയുകയും ചെയ്താല്‍, ബാക്കിയുള്ളവര്‍ പിന്നെ ഇവിടെ എന്തിനാണ് വന്നിരിക്കുന്നത്? അവര്‍ ഇവിടെ തറ തൂക്കാന്‍ വന്നതാണോ?. എനിക്ക് 58 വര്‍ഷത്തെ രാഷ്ട്രീയ പരിചയമുണ്ട്. ഒരുപാട് നേതാക്കള്‍ ഇവിടെ വന്നിട്ടുണ്ട്. പാര്‍ട്ടിക്ക് അവരുടെ സംഭാവന ചെറുതാണെങ്കിലും പാര്‍ട്ടി അവര്‍ക്ക് നല്‍കിയത് വളരെ വലിയ സംഭാവനയാണ്. ഓര്‍ത്തുവെച്ചോളൂ... പാര്‍ട്ടിക്ക് എപ്പോഴും അച്ചടക്കം അത്യാവശ്യമാണ്. ഇവിടെ ആരൊക്കെയാണോ ബഹളം വെക്കുന്നത്, അവരുടെ ദൃശ്യങ്ങള്‍ അവിടെ ഉണ്ടാകും. ആ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഞാന്‍ അച്ചടക്ക നടപടി സ്വീകരിക്കും'- ഖാര്‍ഗെ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.