
















സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് യുവാക്കളെ അകറ്റാനും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗാസക്തി കുറയ്ക്കാനുമായി ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ 55 വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ പൊതുവേദിയില്‍ തകര്‍ത്തു. നൂഹ് ജില്ലയിലെ സുഖ്പുരി ഗ്രാമത്തിലാണ് സംഭവം. ഫോണുകള്‍ യുവാക്കള്‍ തന്നെ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.ഗ്രാമ പഞ്ചായത്തിന്റെ തീരുമാനപ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്. സ്മാര്‍ട്ട്‌ഫോണുകള്‍ പൂര്‍ണമായും ഉപേക്ഷിച്ച് ഇനി മുതല്‍ സാധാരണ കീപ്പാഡ് ഫോണുകള്‍ മാത്രം ഉപയോഗിക്കാനാണ് ഗ്രാമവാസികളുടെ തീരുമാനം. യുവാക്കളെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് അകറ്റുക, മൊബൈല്‍ ആശ്രിതത്വം കുറയ്ക്കുക എന്നിവയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് വ്യക്തമാക്കി.
സംഭവത്തില്‍ പങ്കെടുത്ത യുവാക്കള്‍ കഠിനാധ്വാനവും സത്യസന്ധതയും നിയമാനുസൃത ജീവിതവുമാണ് ഇനി പിന്തുടരുകയെന്ന് പ്രതിജ്ഞയെടുത്തു.
നൂഹ് ജില്ലാ പോലീസ് സൂപ്രണ്ട് അര്‍പ്പിത് ജെയ്ന്‍ അടുത്തിടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ നിയമാനുസൃത ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പ്രത്യേക ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് യുവാക്കള്‍ ഈ പ്രതീകാത്മക നടപടിയിലേക്ക് കടന്നതെന്ന് പോലീസ് അറിയിച്ചു.
യുവാക്കള്‍ ഫോണ്‍ നോക്കി കളയുന്ന സമയം അദ്ധ്വാനിച്ചോളുമെന്നാണ് ഗ്രാമവാസികളും പറയുന്നത്. തീരുമാനത്തില്‍ മുതിര്‍ന്നവരും സന്തോഷത്തിലാണ്.