CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 40 Seconds Ago
Breaking Now

കാമുകിയോടൊപ്പം ജീവിക്കുന്നതിനായി ഒന്‍പത് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് ; ഭര്‍ത്താവ് അറസ്റ്റില്‍

എലിവിഷവും കുപ്പിവള പൊടിച്ച കഷ്ണങ്ങളും കലര്‍ത്തിയ സോഫ്റ്റ് ഡ്രിങ്ക് ക്ഷേത്രത്തിലെ പ്രസാദമാണെന്ന് പറഞ്ഞ് ഇയാള്‍ ഭാര്യയ്ക്ക് നല്‍കി. ഇത് കുടിച്ച സക്കുഭായ് അബോധാവസ്ഥയിലായതോടെ റോഡരികില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു

കാമുകിയോടൊപ്പം ജീവിക്കുന്നതിനായി ഒന്‍പത് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കര്‍ണാടകയിലെ ധാര്‍വാഡ് സ്വദേശിയായ സന്തോഷ് പടയാട്ട് ആണ് ഭാര്യ സക്കുഭായ് പടയാട്ടിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെ പിടിയിലായത്. ഭാര്യയ്ക്ക് ജ്യൂസില്‍ വളപ്പൊട്ടിട്ട വിഷം പ്രസാദമെന്ന വ്യാജേന നല്‍കി ശേഷം ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. തുടര്‍ന്ന് ഇത് റോഡപകടമാണെന്ന് വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമിച്ചു.

കഴിഞ്ഞ നാല് വര്‍ഷമായി സന്തോഷ് സ്വന്തം ഗ്രാമത്തിലെ ഒരു വിധവയുമായി പ്രണയത്തിലായിരുന്നു. ഇവര്‍ക്കൊപ്പം ജീവിക്കുന്നതിനായി ഭാര്യയെ ഒഴിവാക്കാന്‍ ഇയാള്‍ പദ്ധതിയിട്ടു. ഇതിന്റെ ഭാഗമായി പ്രത്യേക പൂജകളുടെ പേര് പറഞ്ഞ് സക്കുഭായിയെ സന്തോഷ് ബെയ്ല്‍ഹോങ്കല്‍ താലൂക്കിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ, എലിവിഷവും കുപ്പിവള പൊടിച്ച കഷ്ണങ്ങളും കലര്‍ത്തിയ സോഫ്റ്റ് ഡ്രിങ്ക് ക്ഷേത്രത്തിലെ പ്രസാദമാണെന്ന് പറഞ്ഞ് ഇയാള്‍ ഭാര്യയ്ക്ക് നല്‍കി. ഇത് കുടിച്ച സക്കുഭായ് അബോധാവസ്ഥയിലായതോടെ റോഡരികില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹത്തിന് മുകളിലേക്ക് മോട്ടോര്‍ സൈക്കിള്‍ മറിച്ചിട്ട് ഇതൊരു റോഡപകടമായി ചിത്രീകരിക്കാന്‍ പ്രതി ശ്രമിച്ചു. തുടര്‍ന്ന് ഇയാള്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരമറിയിക്കുകയും അപകടം നടന്നെന്ന വ്യാജേന മണിക്കൂറുകളോളം മൃതദേഹത്തിനരികില്‍ നില്‍ക്കുകയും ചെയ്തു.

എന്നാല്‍ സംഭവസ്ഥലത്തെത്തിയ പോലീസിന് സക്കുഭായിയുടെ മരണത്തില്‍ സംശയം തോന്നി. തുടര്‍ന്ന് മൃതദേഹം ബെലഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം അപകടം മൂലമല്ല, മറിച്ച് കൊലപാതകമാണെന്ന് വ്യക്തമായതോടെ പോലീസ് സന്തോഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കാമുകിയോടൊപ്പം ശിഷ്ടകാലം ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി ഹിന്‍ഡാല്‍ഗ ജയിലിലടച്ചു. കൊലപാതകത്തില്‍ സന്തോഷിന്റെ കാമുകിക്ക് പങ്കുണ്ടോ എന്നറിയാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.