
















പൂനെയിലെ ലോഹഗഡ് കോട്ടയില്‍ വെച്ച് പ്രതിശ്രുത വരനായ കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയായ സിയ ഗോയലിനെതിരെ പിതാവ് പ്രവീണ്‍ ഗോയല്‍. തന്റെ മകള്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ അവള്‍ക്ക് കഠിനമായ ശിക്ഷ തന്നെ നല്‍കണമെന്ന് വൈകാരികമായ അഭിമുഖത്തില്‍ പ്രവീണ്‍ ഗോയല്‍ വിശദമാക്കി. കേതനെ തള്ളിയിട്ടു കൊന്ന അതേ കോട്ടയില്‍ കൊണ്ടുപോയി മകളെയും താഴേക്ക് തള്ളിയിടണമെന്നാണ് പ്രവീണ്‍ ഗോയല്‍ പറഞ്ഞത്. ഒരു പിതാവ് എന്ന നിലയില്‍ മകള്‍ക്ക് വധശിക്ഷ നല്‍കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും കോടതി ഇതില്‍ ഒട്ടും ഉപേക്ഷ വിചാരിക്കരുതെന്നും പ്രവീണ്‍ ഗോയല്‍ വ്യക്തമാക്കി. കേതന്‍ തനിക്ക് സ്വന്തം മകനെപ്പോലെയായിരുന്നുവെന്നും അവന്റെ വേര്‍പാട് ഇരു കുടുംബങ്ങളെയും തകര്‍ത്തുകളഞ്ഞുവെന്നും പ്രവീണ്‍ ഗോയല്‍ പറഞ്ഞു.
വരാനിരിക്കുന്ന വിവാഹത്തിനായുള്ള ഒരുക്കങ്ങളിലായിരുന്നു തങ്ങള്‍. മകളുടെ അറസ്റ്റ് വിവരം അറിഞ്ഞതുണ്ടാക്കിയ ആഘാതത്തില്‍ പ്രവീണ്‍ ഗോയലിനെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. സിയ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു എന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായി ഒരിക്കലും തോന്നിയിരുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. പ്രീ വെഡ്ഡിങ് യാത്രയ്ക്കായി വലിയ തുക ചെലവഴിച്ച് ഷോപ്പിംഗ് നടത്തിയിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഈ ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നു എന്ന ആരോപണം പ്രവീണ്‍ ഗോയല്‍ നിഷേധിച്ചു. സിയ വളരെ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയായിരുന്നുവെന്നും വിവാഹത്തിന്റെ കാര്യത്തില്‍ അവള്‍ സന്തോഷവതിയായിരുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
ജൂണ്‍ 18നാണ് പൂനെയിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ കേതന്‍ അഗര്‍വാള്‍ കോട്ടയില്‍ നിന്ന് വീണു മരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇതൊരു ട്രെക്കിങ് അപകടമാണെന്നാണ് കരുതിയിരുന്നതെങ്കിലും, സിയയുടെ മൊഴികളിലെ വൈരുദ്ധ്യവും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പോലീസ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. സിയയും അവളുടെ കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് കേതനെ കോട്ടയിലെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി നടത്തിയ നിശ്ചയം റദ്ദാക്കിയാല്‍ കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന് ഭയന്നാണ് സിയ കാമുകനൊപ്പം ചേര്‍ന്ന് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. പ്രതികള്‍ രണ്ടുപേരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.