
















മധ്യപ്രദേശില്‍ ജലദോഷവുമായി ചികിത്സ തേടിയ 19 മാസം പ്രായമുള്ള കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമായി. മധ്യപ്രദേശ് ആരോഗ്യമന്ത്രി ചുമതല വഹിക്കുന്ന സാഗര്‍ ജില്ലയിലാണ് സംഭവം. ജലദോഷവും ചുമയും കണ്ണില്‍ ചുവപ്പ് നിറവും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മരുന്ന് മാറി കണ്ണില്‍ ഒഴിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമായതെന്നാണ് കുടുംബം പറയുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.
സാഗര്‍ ജില്ലയിലെ ബാണ്ട സിവില്‍ ആശുപത്രിയിലാണ് സംഭവം. ഭൂസ കമല്‍പുര്‍ സ്വദേശിയായ ഇന്ദ്രാജ് വിശ്വകര്‍മ മകനെ ഇക്കഴിഞ്ഞ മെയ് 29നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുട്ടിക്ക് നേരിയ ജലദോഷവും ചുമയും കണ്ണില്‍ ചുവപ്പും ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ശിശുരോഗ വിദഗ്ധന്‍ ഡോ. ഹിമാന്‍ഷു വര്‍മ കുട്ടിക്ക് കണ്ണില്‍ ഒഴിക്കുന്ന തുള്ളിമരുന്നും പാരസെറ്റമോള്‍ സിറപ്പും ഇന്‍ജക്ഷനും മറ്റു മരുന്നുകളും കുറിച്ചതായി പിതാവ് ഇന്ദ്രജ് വിശ്വകര്‍മ പറയുന്നു.
എന്നാല്‍ ചികിത്സയ്ക്കിടെ, കഫം മാറ്റാനുള്ള മരുന്ന് കുട്ടിയുടെ കണ്ണില്‍ ഒഴിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതേ തുടര്‍ന്നു കുട്ടിയുടെ നില വഷളായെന്നും നാല് മണിക്കൂറോളം ആശുപത്രിയില്‍ നിന്നിട്ടും ആരോഗ്യസ്ഥിതി മോശമായെന്നും കുടുംബം പറഞ്ഞു. കുട്ടിയുടെ സ്ഥിതി മോശമായതോടെ സാഗറിലെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധന നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ കുടുംബം ഭോപ്പാലിലെ എയിംസില്‍ കുട്ടിയെ എത്തിച്ചു.
എയിംസില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചുവെന്നും ആരോഗ്യപ്രവര്‍ത്തകരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും പിതാവ് പറഞ്ഞു. തന്റെ കുട്ടിയുടെ ജീവിതം നഷ്ടപ്പെട്ടെന്നും പിതാവ് പറഞ്ഞു.
സംഭവത്തില്‍ ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് പരാതി നല്‍കി. ഇതേ തുടര്‍ന്ന് ജില്ലാ ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ അന്വേഷണത്തിന് മൂന്നംഗ കമ്മിറ്റിയെ രൂപീകരിച്ചു. കമ്മിറ്റി ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം