
















വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ നിന്ന് തലച്ചോര്‍, കരള്‍, ഹൃദയം എന്നിവ കാണാനില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയില്‍ നിന്നുള്ള രാജേഷ് ചൗഹാന്റെ(33) മൃതദേഹം ഇന്ത്യയിലെത്തിച്ച് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ആന്തരികാവയവങ്ങള്‍ കാണാനില്ലെന്ന ഞെട്ടിക്കുന്ന വസ്തുത പുറത്തുവന്നത്.
2025 നവംബറില്‍ മര്‍ച്ചന്റ് നേവിയില്‍ ചേര്‍ന്ന അദ്ദേഹം വെനസ്വേലയില്‍ മറൈന്‍ ഫിറ്ററായി ജോലി ചെയ്യുകയായിരുന്നു. മെയ് 7-നാണ് പിതാവ് രാംദേവ് ചൗഹാന് മകന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് കോള്‍ വന്നത്. മകന്‍ കപ്പലില്‍ വീണെന്നും പരിക്കേറ്റെന്നുമായിരുന്നു കോളില്‍.
പിറ്റേ ദിവസം, അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും അതിജീവിക്കാനുള്ള സാധ്യത അഞ്ച് ശതമാനം മാത്രമേയുള്ളൂവെന്നും അവര്‍ കുടുംബത്തോട് പറഞ്ഞു. അന്ന് വൈകുന്നേരത്തോടെ രാകേഷ് മരിച്ചതായി കമ്പനി കുടുംബത്തെ അറിയിച്ചു. തലകറങ്ങി വീണുവെന്നും ഗുരുതരമായ പരിക്കുകള്‍ ഉണ്ടായെന്നും ചികിത്സയിലിരിക്കെയായിരുന്നു മരണമെന്നുമായിരുന്നു കുടുംബത്തിന് ലഭിച്ച വിവരം.
എന്നാല്‍ മൃതദേഹം ഇന്ത്യയിലേക്ക് തിരിച്ചയച്ചപ്പോള്‍ മരണകാരണം വിശദീകരിക്കുന്ന ഔദ്യോഗിക രേഖകളോ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ നല്‍കിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. രാകേഷിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ദിയോറിയയില്‍ എത്തിച്ചതിന് പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുകയായിരുന്നു.
ദിയോറിയയില്‍ എത്തിച്ച മൃതദേഹം പൊലീസിന്റെ സാന്നിധ്യത്തില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു. മൃതദേഹത്തില്‍ നേരത്തെ പോസ്റ്റുമോര്‍ട്ടം നടത്തിയ ലക്ഷണങ്ങളുണ്ടായിരുന്നു. അതിനാല്‍ ഔദ്യോഗിക ഉത്തരവില്ലാതെ വീണ്ടും മൃതദേഹം പരിശോധിക്കാന്‍ അവര്‍ ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് ലഭിച്ചതിന് പിന്നാലെ രണ്ടാമതും പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. തുടര്‍ന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
തലച്ചോറ്, ഹൃദയം, രണ്ട് ശ്വാസകോശങ്ങള്‍, കരള്‍, വൃക്കകള്‍, പ്ലീഹ, പാന്‍ക്രിയാസ്, ആമാശയം, കുടലുകള്‍, തൈറോയ്ഡ്, തൊണ്ടയിലെ അസ്ഥി (Hyoid bone), ശ്വാസനാളം (Trachea), സ്വനപേടകം (Larynx) എന്നിവയെല്ലാം ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. കമ്പനി നിര്‍ണായക വിവരങ്ങള്‍ മറച്ചുവെച്ചതായി കുടുംബം ആരോപിച്ചു. രാകേഷിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്നും നഷ്ടപരിഹാരം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.