
















ഗുജറാത്തില്‍ നിന്ന് ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്ത പുറത്ത്. ഏകദേശം രണ്ട് വര്‍ഷമായി കാണാതായിരുന്ന ജിഗ്‌നേഷ് മാവഡിയയുടെ അസ്ഥികൂടാവശിഷ്ടങ്ങളാണ് ഒരു ഫാക്ടറി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തറയ്ക്ക് ഏകദേശം 12 അടി താഴെ നിന്ന് പൊലീസ് കണ്ടെത്തിയത്.മരിച്ചയാളുടെ ഭാര്യ പ്രിത്വി അഥവാ ഭൂമിബെന്‍, കാമുകനെന്ന് ആരോപിക്കപ്പെടുന്ന നിലേഷ് കച്ചാട്ടിയ, ഇയാളുടെ സുഹൃത്ത് ബല്‍വീര്‍ വര്‍മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൊലീസിന്റെ അന്വേഷണപ്രകാരം, വിവാഹേതര ബന്ധമുണ്ടായിരുന്ന നിലേഷുമായി ചേര്‍ന്ന് പ്രിത്വി ജിഗ്‌നേഷിന് വിഷം നല്‍കി കൊലപ്പെടുത്തിയെന്നാണ് ആരോപണം. തുടര്‍ന്ന് മൃതദേഹം ഫാക്ടറി പരിസരത്ത് കുഴിച്ചുമൂടി അതിന് മുകളില്‍ കോണ്‍ക്രീറ്റ് ഒഴിച്ച് തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഏകദേശം രണ്ട് വര്‍ഷത്തോളം ജിഗ്‌നേഷ് ജോലി ആവശ്യത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോയതാണെന്നും, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നിയമങ്ങള്‍ കാരണം കുടുംബവുമായി ഫോണ്‍വിളി നടത്താന്‍ കഴിയില്ലെന്നുമാണ് പ്രിത്വി ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്.
എന്നാല്‍, ഓസ്‌ട്രേലിയയിലേക്ക് യാത്ര പോകാനിരുന്ന ഒരു ബന്ധു ജിഗ്‌നേഷിന്റെ വിലാസവും ഫോണ്‍ നമ്പറും ആവശ്യപ്പെട്ടപ്പോള്‍ പ്രിത്വിക്ക് അത് നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് സംശയം ശക്തമായത്. തുടര്‍ന്ന് ജിഗ്‌നേഷിന്റെ സഹോദരന്‍ ജൂലൈ 26-ന് പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ജൂലൈ 30-ന് ഫാക്ടറി പരിസരത്ത് നടത്തിയ അന്വേഷണത്തിലാണ് കോണ്‍ക്രീറ്റ് തറയ്ക്കടിയില്‍ നിന്ന് അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ലഭിച്ചതിന് ശേഷമേ മൃതദേഹം ജിഗ്‌നേഷിന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.
പൊലീസ് അന്വേഷണം തുടരുകയാണ്.യുവതിയും കാമുകനും കുറ്റസമ്മതം നടത്തി.