
















വിന്റര്‍ മാസങ്ങളിലെ രോഗികളുടെ വന്‍ ഡിമാന്‍ഡ് എന്‍എച്ച്എസിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഇതിന്റെ ആഘാതം മാസങ്ങള്‍ നീണ്ടുനില്‍ക്കും. സമ്മറിലേക്ക് എത്തുമ്പോഴാണ് നഴ്‌സുമാര്‍ ഉള്‍പ്പെടെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അല്‍പ്പമൊന്ന് ആശ്വസിക്കാന്‍ സമയം കിട്ടിയിരുന്നത്. എന്നാല്‍ ആ സ്ഥിതി മാറുകയാണ്. ഇനി സമ്മര്‍ സീസണിലും പ്രതിസന്ധി നേരിടാന്‍ എന്‍എച്ച്എസ് ഒരുങ്ങിയിരിക്കണമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.
വര്‍ഷാവര്‍ഷം വരുന്ന സമ്മറുകളില്‍ വിന്ററിന് സമാനമായ സമ്മര്‍ദങ്ങള്‍ നേരിടുന്നത് മൂലം പ്രതിസന്ധി രൂപപ്പെടുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെറ്റ് കൂപ്പര്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധി യുകെയില്‍ പതിവ് കാര്യമായി മാറുമെന്ന് കൂപ്പര്‍ പറയുന്നു. ഫ്‌ളൂ സീസണില്‍ നേരിടുന്ന സമ്മര്‍ദമാണ് എ&ഇകളില്‍ ഇപ്പോള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ നേരിടുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി സമ്മതിക്കുന്നു.
ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന ഘട്ടത്തിലും എന്‍എച്ച്എസ് സംവിധാനങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ ഗവണ്‍മെന്റ് സുപ്രധാന നിക്ഷേപം നടത്തുമെന്നും കൂപ്പര്‍ അറിയിച്ചു. തുടര്‍ച്ചയായി വരുന്ന ഉഷ്ണതരംഗങ്ങള്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ സൃഷ്ടിക്കുന്ന ആഘാതം സംബന്ധിച്ച് ഡോക്ടര്‍മാരും, മെഡിക്കല്‍ പ്രൊഫഷണലുകളും നല്‍കുന്ന മുന്നറിയിപ്പുകളുടെ സാഹചര്യത്തിലാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശം.
കടുത്ത കാലാവസ്ഥയില്‍ സര്‍ജറികള്‍ റദ്ദാക്കണമെന്ന് റോയല്‍ കോളേജ് ഓഫ് ജിപി നേരത്തെ ഉപദേശിച്ചിരുന്നു. ചൂടേറിയ കാലാവസ്ഥയില്‍ റേഡിയോതെറാപ്പി മെഷിനുകളും, എംആര്‍ഐ സ്‌കാനറുകളും പ്രവര്‍ത്തനരഹിതമായ സംഭവങ്ങളുണ്ടായി. വാര്‍ഡുകളില്‍ ചൂടേറുകയും, ആശുപത്രികളിലെ കൂളിംഗ് യൂണിറ്റുകള്‍ തകരാറിലാകുകയും ചെയ്തു. മേയ്, ജൂണ്‍ മാസങ്ങളിലെ ഉഷ്ണതരംഗങ്ങളില്‍ ഏകദേശം 2877 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.