
















കെയര്‍ വര്‍ക്കര്‍മാര്‍ വീടുകളിലെത്തി സേവനം നല്‍കുമ്പോള്‍ കൃത്യമായ പരിചരണം ഉറപ്പാക്കുമെന്നാണ് വിശ്വാസം. എന്നാല്‍ ചില കെയര്‍ വര്‍ക്കര്‍മാരുടെ പ്രവൃത്തികള്‍ മാന്യമായി ജോലി ചെയ്യുന്നവരെ കൂടി സംശയത്തിന്റെ നിഴലിലാക്കി മാറ്റും.
തന്റെ പരിചരണത്തിലുണ്ടായിരുന്ന സ്ത്രീക്ക് ജീവിതത്തിന്റെ അവസാന മാസങ്ങളില്‍ ഡോഗ് ഫുഡ് മൈക്രോവേവ് ചെയ്ത് നല്‍കിയ കെയര്‍ വര്‍ക്കറുടെ പ്രവൃത്തിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. റാഡിസ് കമ്മ്യൂണിറ്റി കെയര്‍ വര്‍ക്കറാണ് സ്ത്രീക്ക് വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഫുഡ് നല്‍കിയത്.
നായയ്ക്കും, നായക്കുട്ടികള്‍ക്കുമുള്ള ഭക്ഷണം എന്ന് ലേബല്‍ ചെയ്തിട്ടും ഇതെടുത്ത് സ്ത്രീക്ക് നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇതിന് പുറമെ മാസങ്ങളോളം മോശമായ ഭക്ഷണം നല്‍കുകയും, മലമൂത്ര വിസര്‍ജ്യത്തില്‍ ഇരുത്തുകയും, രാത്രിയില്‍ ഇരുട്ടില്‍ കിടത്തുകയും ചെയ്‌തെന്നും ഗുരുതര വീഴ്ചകളുടെ പട്ടികയില്‍ പറയുന്നു.
പോര്‍ട്‌സ്മൗത്ത് സിറ്റി കൗണ്‍സില്‍ കെയര്‍ സര്‍വ്വീസ് ലഭ്യമാക്കാന്‍ റാഡിസിനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഒരു വീഴ്ചയില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് രോഗിയുടെ അരികിലേക്ക് കെയര്‍ വര്‍ക്കര്‍ എത്തുന്നത്. എന്നാല്‍ അമ്മയ്ക്ക് ലഭിക്കുന്ന പരിചരണത്തിലെ ന്യൂനതകള്‍ കണ്ടെത്തിയ മകനാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്.
നായയ്ക്കുള്ള ഭക്ഷണം കൊടുക്കുന്നത് ഒപ്പമുണ്ടായിരുന്ന കെയര്‍ വര്‍ക്കര്‍ തിരിച്ചറിഞ്ഞെങ്കിലും സീനിയറിന് റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരാഴ്ചയ്ക്ക് ശേഷമാണ്. ഇതിന് പുറമെ പ്രായമായ സ്ത്രീയെ ബലം പ്രയോഗിച്ച് നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്ന കെയര്‍ വര്‍ക്കറുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു.
അന്വേഷണങ്ങള്‍ക്കൊടുവില്‍ റാഡിസിനെ കൗണ്‍സില്‍ കെയര്‍ ജോലികളില്‍ നിന്നും നീക്കം ചെയ്തു. പക്ഷെ ഒരു മാസം തികയുന്നതിന് മുന്‍പ് സ്ത്രീ മരണത്തിന് കീഴടങ്ങി. വളരെ മോശം പരിചരണമാണ് ഇവരുടെ കെയര്‍വര്‍ക്കര്‍മാര്‍ നല്‍കിയതെന്ന് ഓംബുഡ്‌സ്മാന്‍ സ്ഥിരീകരിച്ചു.