
















മതവിശ്വാസം മൂലം ആശുപത്രി ജോലിക്ക് ആവശ്യമായ യൂണിഫോം ധരിക്കാന്‍ കഴിയില്ലെന്ന് വാദിച്ച് എന്‍എച്ച്എസിനെതിരെ വംശവെറിക്ക് കേസ് നല്‍കി ഹെല്‍ത്ത്‌കെയര്‍ വര്‍ക്കര്‍. ഇസ്ലാമിക വസ്ത്രം ധരിച്ച് ജോലി ചെയ്യുന്നത് സുരക്ഷിതമാകില്ലെന്ന് ഉപദേശം ലഭിച്ചതിന്റെ പേരിലാണ് നസിയ അയൂബ് എന്ന ജീവനക്കാരി എന്‍എച്ച്എസിന് എതിരെ വംശീയതയ്ക്ക് കേസ് നല്‍കിയത്.
ശരീരം പൂര്‍ണ്ണമായി മറയ്ക്കുന്ന കഴുത്ത് മുതല്‍ പാദം വരെ മൂടുന്ന ഇസ്ലാമിക വസ്ത്രം ആശുപത്രിയില്‍ ആരോഗ്യ, സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചതാണ് പ്രശ്‌നമായി മാറിയത്. ഇതിന് പകരം ലൂസായ ട്രൗസറുകള്‍ പോലുള്ളവ ഉപയോഗിക്കാന്‍ ഉപദേശിച്ചെങ്കിലും പാകിസ്ഥാന്‍ വംശജ ഇത് നിഷേധിച്ചു.
ജോലി ചെയ്യുമ്പോള്‍ ഏത് വസ്ത്രം ധരിക്കണമെന്ന കാര്യത്തില്‍ ആരുടെയും ഉപദേശം വേണ്ടെന്ന നിലപാടാണ് നസിയ അയൂബ് സ്വീകരിച്ചതെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യൂണലില്‍ വ്യക്തമായി. ഇതേത്തുടര്‍ന്ന് മതപരമായ വിവേചനം, പീഡനം എന്നീ പരാതികള്‍ പൂര്‍ണ്ണമായി തള്ളി. നോര്‍ത്തേണ്‍ കെയര്‍ അലയന്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്ത് വരികയായിരുന്നു അയൂബ്.
ദീര്‍ഘകാല വെന്റിലേഷന്‍ ആവശ്യമുള്ള കുട്ടികളുടെ പരിചരണമാണ് ഇവരുടെ ഡ്യൂട്ടി. മുസ്ലീം വിശ്വാസം മൂലം ഇസ്ലാമിക വസ്ത്രം ധരിച്ചാണ് ഇവര്‍ ജോലിക്ക് എത്തിയിരുന്നത്. ലൈന്‍ മാനേജര്‍ വെന്‍ഡി ബേക്കണാണ് യൂണിഫോം ധരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചതും, ഇത് ശരിയാക്കാനും ഉപദേശിച്ചത്. എന്നാല്‍ ശരീരത്തിന്റെ ഷേപ്പ് കാണുന്ന വസ്ത്രം ധരിക്കാന്‍ താല്‍പര്യമില്ലെന്നാണ് നഴ്‌സിംഗ് സര്‍വ്വീസസ് അസിസ്റ്റന്റ് ഡയറക്ടറെ അയൂബ് അറിയിച്ചത്.
എന്നാല്‍ ഇറക്കം കൂടിയ വസ്ത്രം തട്ടിവീഴാനും, രോഗികള്‍ക്കും, ഉപകരണങ്ങള്‍ക്കും അപകടകാരണം ആയേക്കാമെന്നും ഹെല്‍ത്ത് & സേഫ്റ്റ് അഡൈ്വസര്‍ പറഞ്ഞു. ഇസ്ലാമിക വസ്ത്രത്തിന് പകരം മറ്റൊന്നില്ലെന്നാണ് അയൂബ് ഇതിന് മറുപടി നല്‍കിയത്. മാനേജറും, ജീവനക്കാരിയും തമ്മില്‍ മീഡിയേഷന് ശ്രമിച്ചെങ്കിലും ഫലമില്ലാതെ വന്നതോടെ അയൂബ് ലീവില്‍ പോകുകയും, എന്‍എച്ച്എസിന് എതിരെ ട്രിബ്യൂണലിനെ സമീപിക്കുകയുമായിരുന്നു. വിധി എതിരായതോടെ ഇതിനെതിരെ അപ്പീല്‍ പോകുമെന്നാണ് അയൂബിന്റെ പ്രതികരണം.