
















ബ്രിട്ടീഷ് സേനയില്‍ സേവനം നല്‍കാന്‍ ആഗ്രഹിച്ചെത്തുന്ന വനിതാ കേഡറ്റുമാര്‍ക്ക് സൈനിക കോളേജില്‍ ഞെട്ടിക്കുന്ന ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളാകേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. നാല് സ്ത്രീകളാണ് തങ്ങളെ മറ്റ് സൈനികര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി നല്‍കിയത്. ഇതോടെ ആര്‍മി ട്രെയിനിംഗ് കോളേജില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
17 വയസ്സുള്ളപ്പോള്‍ ആര്‍മി ഫൗണ്ടേഷന്‍ കോളേജില്‍ ലൈംഗിക പീഡനത്തിനും, ബലാത്സംഗത്തിനും ഇരകളായെന്ന് സ്ത്രീകള്‍ വെളിപ്പെടുത്തി. നോര്‍ത്ത് യോര്‍ക്ക്ഷയര്‍ ഹാരോഗേറ്റിലെ കോളേജില്‍ തങ്ങള്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് ഇവര്‍ ബിബിസിയോട് മനസ്സ് തുറന്നിരുന്നു.
കൗമാരക്കാര്‍ക്ക് സൈനിക പരിശീലനവും, വിദ്യാഭ്യാസവും നല്‍കുന്ന സെന്ററാണ് ആര്‍മി ഫൗണ്ടേഷന്‍ കോളേജ്. സൈനികയാകാന്‍ ആഗ്രഹിച്ചെങ്കിലും മറ്റ് സൈനികര്‍ ബലാത്സംഗത്തിന് ഇരയാക്കിയതോടെ ഈ സ്വപ്‌നം തകര്‍ന്നതായി ഒരു സ്ത്രീ പറഞ്ഞു. മുറിയിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്യുകയാണ് ഉണ്ടായതെന്ന് ഇവര്‍ പറയുന്നു. മണിക്കൂറുകള്‍ നീണ്ട അക്രമത്തിനൊടുവില്‍ വെറുമൊരു മാംസം മാത്രമായാണ് തോന്നിയത്, ഈ യുവതി കൂട്ടിച്ചേര്‍ക്കുന്നു.
ആര്‍മി കോളേജില്‍ സ്ത്രീവിരുദ്ധതയും, ലൈംഗിക അതിക്രമങ്ങളും പതിവായി അരങ്ങേറുന്നുവെന്ന് ഈ സ്ത്രീകള്‍ ബിബിസിയോട് പറഞ്ഞു. സംഭവത്തില്‍ നോര്‍ത്ത്ഷയര്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി പ്രഖ്യാപിച്ചു. കൂടുതല്‍ ഇരകളുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. ഇത്തരം ക്രിമിനല്‍ പെരുമാറ്റങ്ങള്‍ക്ക് സൈന്യത്തില്‍ സ്ഥാനമില്ലെന്ന് സൈനിക വക്താവ് പ്രതികരിച്ചു.