
















ബ്രിട്ടനിലെ സോഷ്യല്‍ ഹൗസിംഗ് മേഖലയില്‍ സ്വദേശിവത്കരണം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് കണ്‍സര്‍വേറ്റീവുകള്‍. വിദേശ പൗരന്‍മാര്‍ സോഷ്യല്‍ ഹൗസിംഗില്‍ താമസിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനാണ് ടോറികളുടെ പദ്ധതി.
സോഷ്യല്‍ ഹൗസിംഗില്‍ ഇപ്പോള്‍ താമസിച്ച് വരുന്ന യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ളവരുടെ ടെനന്‍സികള്‍ അവസാനിപ്പിക്കുമെന്നും ടോറികള്‍ വ്യക്തമാക്കുന്നു. പുതിയ വാടക കരാറില്‍ ഒപ്പുവെയ്ക്കുന്നതിന് വിദേശ പൗരന്‍മാര്‍ക്ക് വിലക്ക് വരികയും ചെയ്യും.
ബാധിക്കപ്പെട്ട ആളുകള്‍ ആറ് മാസത്തിനുള്ളില്‍ പ്രോപ്പര്‍ട്ടി ഒഴിഞ്ഞ് കൊടുക്കണമെന്ന നിബന്ധനയാണ് കൊണ്ടുവരിക. ഈ വീടുകള്‍ വീട് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് കൈമാറേണ്ടി വരുമെന്നും ടോറികള്‍ പറയുന്നു.
നിയമങ്ങള്‍ മാറ്റുന്നത് വഴി ഏകദേശം 230,000 വീടുകള്‍ ബ്രിട്ടനിലെ ജനങ്ങള്‍ക്കായി ഒഴിപ്പിച്ചെടുക്കാന്‍ പറ്റുമെന്നാണ് കരുതുന്നത്. ഇതുവഴി കുതിച്ചുയരുന്ന വെല്‍ഫെയര്‍ ബില്ലിന് കടിഞ്ഞാണിടാന്‍ സാധിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.
'സോഷ്യല്‍ ഹൗസിംഗ് നിര്‍മ്മിക്കാനായി നികുതി നല്‍കുന്നവര്‍ ക്യൂവില്‍ പിന്നിലാണ്. ഇത് ശരിയാക്കുന്നത് വിവാദത്തിലാകേണ്ട കാര്യമില്ല. കഴിഞ്ഞ വര്‍ഷം എത്തിയ ഒരാള്‍ക്ക് വീട് നല്‍കുന്നത്, ഒരു ദശകത്തിലേറെയായി പട്ടികയിലുള്ളവര്‍ കാത്തിരിക്കുമ്പോഴാണ്. ബ്രിട്ടീഷ് പൗരന്‍മാരാണ് ഒന്നാമത്. നികുതിദായകരുടെ പണം വിദേശ പൗരന്‍മാര്‍ക്ക് സോഷ്യല്‍ ഹൗസിംഗ് നല്‍കാന്‍ ഉപയോഗിക്കുന്നത് തടയും', ഷാഡോ ഹൗസിംഗ് വക്താവ് ജെയിംസ് ക്ലെവര്‍ലി പറഞ്ഞു.
ബ്രിട്ടന്റെ സോഷ്യല്‍ ഹൗസിംഗില്‍ താമസിക്കുന്ന വിദേശ പൗരന്‍മാരുടെ എണ്ണം കുത്തനെ ഉയരുകയാണ്. പുതിയ സോഷ്യല്‍ ഹോമുകള്‍ ഇയു ഇതര പൗരന്‍മാര്‍ക്ക് നല്‍കുന്നത് കഴിഞ്ഞ വര്‍ഷം 11.3 ശതമാനമായി ഉയര്‍ന്നുവെന്നാണ് കണക്ക്.