CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 36 Seconds Ago
Breaking Now

'പറിക്കാന്‍ മാങ്ങ, മുറിക്കാന്‍ മരം..കളിക്കാന്‍ മെസ്സി..പറ്റിക്കാന്‍ മലയാളി'; മുട്ടില്‍ മരംമുറി കേസില്‍ പരിഹസിച്ച് ജോയ് മാത്യു

വയനാട്ടിലെ മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ക്കെതിരെ ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ പരിഹസിച്ച് നടന്‍ ജോയ് മാത്യു രംഗത്ത്. പറിക്കാന്‍ മാങ്ങ,മുറിക്കാന്‍ മരം..കളിക്കാന്‍ മെസ്സി..പറ്റിക്കാന്‍ മലയാളി എന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് നടപടി. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നീ പ്രതികള്‍ക്കെതിരെയാണ് വാറന്റ് പുറപ്പെടുവിച്ചത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു. പിന്നാലെയാണ് പ്രതികള്‍ ഹാജരാകണമെന്ന് കാണിച്ച് വാറന്റ് നല്‍കിയിരിക്കുന്നത്. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ടുള്ള അമ്പലമേട് പൊലീസിന്റെ കേസ് നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതിയും തള്ളിയിരുന്നു. കുറ്റവിമുക്തരാക്കണമെന്ന ആവശ്യം തള്ളിയ ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയുടെ 2026 ഫെബ്രുവരി 26ലെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നു ജസ്റ്റിസ് ജി.ഗിരീഷ് വ്യക്തമാക്കിയിരുന്നു

വയനാട്ടിലെ മേപ്പാടി ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ തടികള്‍, വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് വിശ്വസിപ്പിച്ച് കരിമുകളിലെ മലബാര്‍ ടിംബര്‍ ഇന്‍ഡസ്ട്രീസിനു വിറ്റെന്നാണ് കേസ്. വഞ്ചിച്ചതായി ആരോപിച്ച് സ്ഥാപന ഉടമയാണ് പരാതി നല്‍കിയത്. വിശ്വാസവഞ്ചന നടത്തിക്കൊണ്ട് കമ്പനിക്ക് മരം വില്‍ക്കുകയായിരുന്നു. തന്നെ കബളിപ്പിച്ചെന്ന് കാട്ടി കമ്പനി ഉടമ തന്നെയാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

തടികള്‍ കൊണ്ടുപോകാന്‍ പ്രത്യേക പാസ് ആവശ്യമില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും പ്രതികള്‍ വാദിച്ചു. എന്നാല്‍, പ്രഥമദൃഷ്ട്യാ വഞ്ചന വ്യക്തമാണെന്നും പ്രതികള്‍ക്കെതിരെ ഐപിസി 420-ാം വകുപ്പ് പ്രകാരം നടപടി തുടരാമെന്നും കോടതി വ്യക്തമാക്കി. മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നു വ്യക്തമാക്കി ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പിന്നാലെയാണ് വാറന്റ് പുറപ്പെടുവിച്ചു മജിസ്ട്രേറ്റ് കോടതി ഉത്തരവിറക്കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.