CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 21 Minutes 48 Seconds Ago
Breaking Now

ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ക്കൊപ്പം വേദി പങ്കിട്ട് മുന്‍ പാക് മന്ത്രി; ഹാഫിസ് സഈദിനെ പുകഴ്ത്തി ഇന്ത്യക്കെതിരെ ഭീഷണി

പരിപാടിയില്‍ സംസാരിക്കവെ ഹാഫിസ് സഈദിനെ അനുകൂലിച്ചുകൊണ്ട് റഷീദ് പരാമര്‍ശങ്ങള്‍ നടത്തി.

മുന്‍ പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (LeT)യുമായി ബന്ധമുള്ളവര്‍ക്കൊപ്പം പൊതുപരിപാടിയില്‍ വേദി പങ്കിട്ടതും സംഘടനയുടെ നേതാവ് ഹാഫിസ് സഈദിനെ പുകഴ്ത്തിയതും വിവാദമായി.പരിപാടിയുടെ വീഡിയോയില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ മുതിര്‍ന്ന കമാന്‍ഡറെന്ന് തിരിച്ചറിഞ്ഞിട്ടുള്ള ഖാലിദ് മസൂദ് സന്ധു, പാകിസ്ഥാന്‍ മാര്‍കസി മുസ്ലിം ലീഗിന്റെ  അധ്യക്ഷന്‍, കൂടാതെ ഭീകരസംഘടനയുടെ കേന്ദ്ര ഉപദേശക സമിതി അംഗമായ ഖാരി മുഹമ്മദ് യാക്കൂബ് ഷെയ്ഖ് എന്നിവര്‍ക്കൊപ്പം റഷീദ് വേദിയില്‍ ഇരിക്കുന്നതായി കാണാം.

പരിപാടിയില്‍ സംസാരിക്കവെ ഹാഫിസ് സഈദിനെ അനുകൂലിച്ചുകൊണ്ട് റഷീദ് പരാമര്‍ശങ്ങള്‍ നടത്തി. ''ഞാന്‍ ഹാഫിസ് സാഹിബിന്റെ അടിമയാണ്'' എന്നര്‍ഥമുള്ള പ്രസ്താവനയും അദ്ദേഹം നടത്തിയതായി വീഡിയോയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അമേരിക്കയില്‍ ആയിരുന്നപ്പോള്‍ തന്റെ ഫോണില്‍ ഹാഫിസ് സഈദിന്റെ ഫോണ്‍ നമ്പര്‍ പ്രത്യക്ഷപ്പെട്ടെന്നും തുടര്‍ന്ന് തന്നെ അമേരിക്കയില്‍ നിന്ന് പുറത്താക്കിയെന്നും റഷീദ് അവകാശപ്പെട്ടു.

ഇന്ത്യക്കെതിരെയും അദ്ദേഹം പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി. പാകിസ്ഥാനെതിരെ ഇന്ത്യ എന്തെങ്കിലും നീക്കം നടത്തിയാല്‍ ദൈവം ഇന്ത്യയെ നശിപ്പിക്കുമെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനകള്‍. ഇന്ത്യയില്‍ പക്ഷികള്‍ പോലും ചിലയ്ക്കുകയോ ക്ഷേത്രങ്ങളില്‍ മണികള്‍ മുഴങ്ങുകയോ ചെയ്യില്ലെന്ന ഭീഷണിയും അദ്ദേഹം ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

''ഞങ്ങള്‍ പാകിസ്ഥാനൊപ്പമാണ്, ഹാഫിസ് സഈദിനൊപ്പമാണ്'' എന്നും റഷീദ് പ്രഖ്യാപിച്ചു.

ഇമ്രാന്‍ ഖാന്‍ സര്‍ക്കാരില്‍ 2020 മുതല്‍ 2022 വരെ ആഭ്യന്തരമന്ത്രിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഷെയ്ഖ് റഷീദ് അഹമ്മദ്. അവാമി മുസ്ലിം ലീഗിന്റെ സ്ഥാപകനും നേതാവുമാണ് അദ്ദേഹം.

 




കൂടുതല്‍വാര്‍ത്തകള്‍.