
















റോതര്‍ഹാം: യുക്മ-ഇസ ലണ്ടന്‍ കേരളപൂരം 2026-ന് ഇത്തവണ സിനിമാ ലോകത്തിന്റെ താരപ്പകിട്ട് പകരാന്‍ പ്രശസ്ത ദക്ഷിണേന്ത്യന്‍ ചലച്ചിത്ര-ടെലിവിഷന്‍ താരം സനൂഷ സന്തോഷ് സെലിബ്രിറ്റി ഗസ്റ്റായി മാന്‍വേഴ്സ് ലേക്കിലെത്തുന്നു.ഓഗസ്റ്റ് 15-ന് നടക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്ന സനൂഷ, വൈകുന്നേരം അരങ്ങേറുന്ന UUKMA - IZA - Theresas London Onachantham 'Malayali Sundari Seaosn 2' ഗ്രാന്‍ഡ് ഫിനാലെയിലെ പ്രധാന ആകര്‍ഷണമായിരിക്കും. മത്സരവിജയിയെ കിരീടം അണിയിക്കുന്ന പ്രത്യേക ചടങ്ങിലും അവര്‍ പങ്കെടുക്കും.
രണ്ടര പതിറ്റാണ്ടിനടുത്ത് സിനിമ-ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമായ സനൂഷ സന്തോഷ്, ബാലതാരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച അഭിനേത്രിയാണ്. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുള്ള അവര്‍, ബാലതാരത്തില്‍ നിന്ന് നായിക-കഥാപാത്ര വേഷങ്ങളിലേക്കുള്ള വിജയകരമായ മാറ്റത്തിലൂടെ ദക്ഷിണേന്ത്യന്‍ സിനിമയില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചു.
'കാഴ്ച', 'സൗമ്യം' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ സനൂഷയ്ക്ക് നിരൂപക പ്രശംസയും പുരസ്‌കാരങ്ങളും നേടിക്കൊടുത്തു. മലയാളത്തിനുപുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നാല്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അവര്‍ സിനിമയ്‌ക്കൊപ്പം ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു.
കലാരംഗത്തെ നേട്ടങ്ങള്‍ക്കൊപ്പം അക്കാദമിക് മേഖലയിലും ശ്രദ്ധേയമായ യാത്രയാണ് സനൂഷയ്ക്കുള്ളത്. University of Edinburgh-ല്‍ നിന്ന് MSc Global Mental Health & Society, St. Teresa's College-ല്‍ നിന്ന് MA Sociology എന്നിവ നേടിയ അവര്‍ കലയും സാമൂഹികബോധവും ഒരുമിച്ച് കൈകാര്യം ചെയ്യുന്ന വ്യക്തിത്വമായാണ് ശ്രദ്ധിക്കപ്പെടുന്നത്.
മലയാളി സുന്ദരി സീസണ്‍ 2 - മാന്‍വേഴ്സില്‍ ഗ്രാന്‍ഡ് ഫിനാലെ
കേരളപൂരം 2026-ന്റെ ഏറ്റവും ശ്രദ്ധേയമായ സാംസ്‌കാരിക പരിപാടികളിലൊന്നായി 'ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2' ഇത്തവണ കൂടുതല്‍ വിപുലമായാണ് ഒരുക്കുന്നത്.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 12 പ്രതിഭാധനരായ മത്സരാര്‍ത്ഥികള്‍ ഗ്രാന്‍ഡ് ഫിനാലെ റാമ്പില്‍ മാറ്റുരയ്ക്കും. സൗന്ദര്യം മാത്രമല്ല, ആത്മവിശ്വാസം, വ്യക്തിത്വം, കേരളീയ സംസ്‌കാരബോധം, പാരമ്പര്യത്തിനോടുള്ള ബന്ധം, അവതരണ മികവ് എന്നിവയെല്ലാം ഒരുമിച്ച് ആഘോഷിക്കുന്ന വേദിയായിരിക്കും മലയാളി സുന്ദരി സീസണ്‍ 2.
കേരളത്തിന്റെ ഓണനിറങ്ങളും പാരമ്പര്യസൗന്ദര്യവും സമകാലീന ഫാഷന്‍ അവതരണങ്ങളുമായി കോര്‍ത്തിണക്കിയാണ് പരിപാടി അണിയറയില്‍ ഒരുങ്ങുന്നത്.
ഷോ ഡയറക്ടര്‍ കമല്‍ രാജ് മാണിക്കത്ത്, കൊറിയോഗ്രാഫര്‍ ദിവ്യ രഞ്ജിത്ത്, UUKMA She Leads-ന്റെ റെയ്മോള്‍ നിധിരി എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രാന്‍ഡ് ഫിനാലെയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.
അവസാനഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ മത്സരാര്‍ത്ഥികള്‍ മാന്‍വേഴ്സിലെ വലിയ വേദിയിലേക്ക് എത്താന്‍ ഒരുങ്ങിക്കഴിഞ്ഞു. പാരമ്പര്യവും ആധുനികതയും ഒരുപോലെ പ്രതിഫലിപ്പിക്കുന്ന അവതരണങ്ങളിലൂടെ ഇത്തവണത്തെ സീസണ്‍ കൂടുതല്‍ മനോഹരവും വ്യത്യസ്തവുമായിരിക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
സനൂഷയുടെ സാന്നിധ്യം യുവതലമുറയ്ക്ക് പ്രചോദനം
ചെറുപ്പത്തില്‍ തന്നെ അഭിനയരംഗത്ത് ശ്രദ്ധേയ വിജയം കൈവരിച്ച്, പിന്നീട് പല ഭാഷകളിലായി സ്ഥിരതയാര്‍ന്ന കരിയര്‍ നിര്‍മ്മിക്കുകയും അതോടൊപ്പം ഉന്നതവിദ്യാഭ്യാസവും തുടരുകയും ചെയ്ത സനൂഷ സന്തോഷിന്റെ സാന്നിധ്യം മത്സരാര്‍ത്ഥികള്‍ക്കും യുകെയിലെ യുവതലമുറയ്ക്കും പ്രത്യേക പ്രചോദനമാകും.
കേരളീയ കലാ-സാംസ്‌കാരിക പാരമ്പര്യം ആഘോഷിക്കുന്ന വേദിയില്‍, സ്വന്തം കഴിവും ആത്മവിശ്വാസവും വ്യക്തിത്വവും മുന്നോട്ടുവയ്ക്കുന്ന പന്ത്രണ്ട് മത്സരാര്‍ത്ഥികളില്‍ നിന്ന് വിജയിയെ തെരഞ്ഞെടുക്കുന്ന സായാഹ്നത്തിന് സനൂഷയുടെ താരസാന്നിധ്യം കൂടുതല്‍ മികവ് പകരും.
വൈകുന്നേരത്തെ ഗ്രാന്‍ഡ് ഫിനാലെയില്‍ 'Malayali Sundari Seaosn 2' വിജയിക്ക് സനൂഷ സന്തോഷ് കിരീടം അണിയിക്കുന്ന നിമിഷം കേരളപൂരം 2026-ന്റെ ഏറ്റവും ഓര്‍മ്മിക്കപ്പെടുന്ന മുഹൂര്‍ത്തങ്ങളിലൊന്നാകുമെന്നാണ് പ്രതീക്ഷ.

സ്വാതന്ത്ര്യദിനത്തില്‍ നിന്ന് താരനിശയിലേക്ക്
പ്രഭാതത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കുചേരുന്നതില്‍ നിന്ന് വൈകുന്നേരം മലയാളി സുന്ദരി ഗ്രാന്‍ഡ് ഫിനാലെയിലെ കിരീടധാരണച്ചടങ്ങുവരെ സനൂഷ സന്തോഷിന്റെ സാന്നിധ്യം കേരളപൂരം 2026-ന് വേറിട്ടൊരു താരമാനം നല്‍കും.
വള്ളംകളി, സ്വാതന്ത്ര്യദിനാഘോഷം, ഘോഷയാത്ര, കേരളീയ കലാരൂപങ്ങള്‍, കുടുംബ കാര്‍ണിവല്‍, സാംസ്‌കാരിക പരിപാടികള്‍, മലയാളി സുന്ദരി ഗ്രാന്‍ഡ് ഫിനാലെ എന്നിവ ഒരേ വേദിയില്‍ സംഗമിക്കുന്ന മാന്‍വേഴ്സ് ലേക്ക് ഓഗസ്റ്റ് 15-ന് യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷവേദികളിലൊന്നായി മാറും.
സിനിമയുടെ താരപ്പകിട്ടും, കേരളീയ സൗന്ദര്യത്തിന്റെ നിറപ്പകിട്ടും, സ്വാതന്ത്ര്യദിനത്തിന്റെ അഭിമാനവും ഒരുമിക്കുന്ന ഒരു ഓര്‍മ്മയായിരിക്കും കേരളപൂരം 2026.
യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയേല്‍, സ്മിതാ തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, പീറ്റര്‍ താണോലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്‌പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, എല്‍.ടി.സി. ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്‌സ്, ഇന്‍ഫിന്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ്, മൈ ലോക്കല്‍ ഇന്ത്യന്‍ മട്ടാഞ്ചേരി കാറ്ററിംഗ്, ടോണ്ടന്‍ എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' ഉം ആയിരിക്കും മറ്റ് പ്രധാന സ്‌പോണ്‍സര്‍മാര്‍.
മലയാളികളുടെ ഇഷ്ടപ്പെട്ട കായിക വിനോദമായ വള്ളംകളിയും കേരളീയ കലാരൂപങ്ങളും എല്ലാമായി ഈ അവധിക്കാലത്തിന്റെയും ഓണാഘോഷങ്ങളുടെയുമിടയില്‍ ഒരു ദിവസം മുഴുവന്‍ ആഹ്ലാദിച്ചുല്ലസിക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി, ആഗസ്റ്റ് 30 ന് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്
അഡ്വ. എബി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്)- 07702862186
ജയകുമാര്‍ നായര്‍ (ജനറല്‍ സെക്രട്ടറി)- 07403223006
ഡിക്‌സ് ജോര്‍ജ്ജ് (ജനറല്‍ കണ്‍വീനര്‍)- 07403312250
ജോര്‍ജ്ജ് തോമസ് (ടീം മാനേജ്‌മെന്റ്) - 07903426018
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)