CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 33 Minutes 57 Seconds Ago
Breaking Now

യുക്മ കേരളപൂരം വള്ളംകളി 2026: ഹീറ്റ്‌സ്-5ല്‍ പച്ച, കുമരങ്കരി, കൊടുപുന്ന് തമ്മില്‍ തീപാറും പോരാട്ടം

അഞ്ചാം ഹീറ്റില്‍ ആവേശം ഉറപ്പ്

 

യുക്മ കേരളപൂരം വള്ളംകളി 2026-ലെ അഞ്ചാം ഹീറ്റ് അനുഭവസമ്പത്തും യുവത്വത്തിന്റെ ആവേശവും തിരിച്ചുവരവിന്റെ ആത്മവിശ്വാസവും ഒത്തുചേരുന്ന മറ്റൊരു ആവേശപ്പോരിനാണ് വേദിയൊരുക്കുന്നത്. പച്ച, കുമരങ്കരി, കൊടുപുന്ന് എന്നീ മൂന്ന് ചുണ്ടന്‍വള്ളങ്ങളിലായി മൂന്ന് ശക്തരായ ടീമുകള്‍ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം ലക്ഷ്യമിട്ട് മത്സരരംഗത്തിറങ്ങും.

 

കുട്ടനാടിന്റെ വള്ളംകളി പാരമ്പര്യം കൈമുതലായുള്ള പച്ച-ചെക്കിടിക്കാട് ടീം, യുവത്വത്തിന്റെ ആവേശവുമായി കന്നിയങ്കത്തിനിറങ്ങുന്ന റോവേഴ്‌സ് ഹാവര്‍ഹില്‍,   കലാ കേരളം ബോട്ട് ക്ലബ് - ഈ മൂന്ന് ടീമുകളുടെ ഏറ്റുമുട്ടല്‍ ഹീറ്റ്‌സ്-5നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നാക്കി മാറ്റുകയാണ്. വിജയത്തിലേക്കുള്ള ചുവടുവെയ്പ്പ് ആരുടേതാകുമെന്നറിയാന്‍ ഇനി ആഗസ്റ്റ് 15-ലെ മാന്‍വേഴ്‌സ് ലേക്കിലെ പോരാട്ടം മാത്രം ബാക്കി.

 

പച്ച - പച്ച-ചെക്കിടിക്കാട് ബോട്ട് ക്ലബ്ബ് 

 

ചരിത്രപ്രസിദ്ധമായ പച്ച ചുണ്ടനില്‍ ഇത്തവണയും തുഴയാനെത്തുന്നത് പച്ച-ചെക്കിടിക്കാട് ബോട്ട് ക്ലബ്ബ്  ആണ്. പരിചയസമ്പന്നനായ ബിനോജി ആന്റണി തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്.

 

കുട്ടനാട്ടിലെ വള്ളംകളികളില്‍ നിന്ന് ആര്‍ജിച്ച അനുഭവസമ്പത്തും വഞ്ചിപ്പാട്ടിന്റെ താളവും ചുണ്ടന്‍വള്ളത്തിന്റെ ആവേശവും ഹൃദയത്തിലേറ്റിയാണ് ഈ ടീം യുക്മ കേരളപൂരത്തിലേക്ക് എത്തുന്നത്. വള്ളംകളി ഒരു മത്സരം മാത്രമല്ല, മലയാളികളുടെ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും കേരളീയ പൈതൃകത്തിന്റെയും മഹോത്സവമാണെന്ന വിശ്വാസമാണ് ടീമിന്റെ കരുത്ത്. Ealoor Consultancy UK Ltd. ആണ് ടീമിന്റെ സ്‌പോണ്‍സര്‍.

 

കുമരങ്കരി - 

 

റോവേഴ്സ് ഹാവെര്‍ഹില്‍ ബോട്ട് ക്ലബ്ബ് (Rowers Haverhill Boat Club). പ്രശസ്തമായ കുമരങ്കരി ചുണ്ടനില്‍ ഇത്തവണ മത്സരിക്കുന്നത് റോവേഴ്സ് ഹാവെര്‍ഹില്‍ ബോട്ട് ക്ലബ്ബ്

 ആണ്. ഹാവര്‍ഹില്‍ മലയാളികളുടെ കൂട്ടായ്മയായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ രൂപീകരിച്ച ഈ ബോട്ട് ക്ലബ്, യുവതാരങ്ങളെ അണിനിരത്തി ആദ്യമായാണ് യുക്മ വള്ളംകളിയില്‍ പങ്കെടുക്കുന്നത്.

 

ജിജോ മാത്യു ക്യാപ്റ്റനായുള്ള ടീം കൃത്യമായ പരിശീലനത്തിലൂടെയും ആത്മവിശ്വാസത്തോടെയും മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് മത്സരത്തിനിറങ്ങുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ ഷോട്ട് സ്റ്റുഡിയോസ് (Master Shot Studios) അവരുടെ പുതിയ ചലച്ചിത്ര സംരംഭമായ ''ബത്ലഹേം കുടുംബ യൂണിറ്റ്'' എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത്.

 

കൊടുപുന്ന - 

 

കലാ കേരള ബോട്ട് ക്ലബ്ബ്, മാന്‍സ്ഫീല്‍ഡ് & ആഷ്ഫീല്‍ഡ് (KALAA  KERALA  Boat Club, Mansfield & Ashfield). അഞ്ചാം ഹീറ്റില്‍ പച്ചയോടും കുമരങ്കരിയോടും ഏറ്റുമുട്ടുന്നത് കൊടുപുന്ന ചുണ്ടനാണ്. കലാ കേരള ബോട്ട് ക്ലബ്ബ്, മാന്‍സ്ഫീല്‍ഡ് & ആഷ്ഫീല്‍ഡ്  ആണ് ഇത്തവണ കൊടുപുന്നില്‍ മത്സരിക്കുന്നത്.

 

സുമേഷ്  എം കെ  നയിക്കുന്ന ടീം  ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുമെന്ന ആത്മവിശ്വാസത്തിലാണ്. യുക്മ കേരളപൂരം വള്ളംകളിയുടെ ഇവന്റ് സ്‌പോണ്‍സറായ IZA London-ന്റെ മാതൃസ്ഥാപനമായ Theresas London ആണ് ടീമിന്റെ സ്‌പോണ്‍സര്‍.

 

ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തില്‍ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വന്‍ വിജയമാക്കുവാന്‍ യുക്മ ദേശീയ സമിതി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ യുക്മ ദേശീയ, റീജിയണല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.

 

വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാര്‍ണിവല്‍ പതിവ് പോലെ കാണികളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികള്‍ കൊണ്ട് ഇക്കുറിയും അത്യാകര്‍ഷമാകും. യുക്മ ഷീ ലീഡ്‌സ് നേതൃത്വം നല്‍കുന്ന യുക്മ - തെരേസാസ് 'ഓണച്ചന്തം സീസണ്‍ 2' മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകള്‍ അണി നിരക്കുന്ന 'മെഗാ തിരുവാതിര', കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന ഓട്ടന്‍തുള്ളല്‍, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികള്‍ ഉള്‍പ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയില്‍ അരങ്ങേറുന്നത്.

 

യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്‌പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, LTC ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്‌സ് എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' ഉം ആയിരിക്കും മറ്റ് പ്രധാന സ്‌പോണ്‍സര്‍മാര്‍.

 

യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-

 

അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186

ജയകുമാര്‍ നായര്‍ - 07403223006

ഡിക്‌സ് ജോര്‍ജജ് - 07403312250.

 

യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:-

 

Manvers Lake 

Station Road 

Wath-Upon-Dearne

Rotherham 

South Yorkshire.

S63 7DG.

 

 




കൂടുതല്‍വാര്‍ത്തകള്‍.