
















കരുവാറ്റയിലെ കൗമാര സംഘത്തിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ആദ്യം തയ്യാറാക്കിയ പദ്ധതി വീടിന്റെ ഒടുപൊളിച്ച ശേഷം ശിവന്‍കുട്ടിയുടെ തലയില്‍ വലിയ കല്ലിട്ട് കൊലപ്പെടുത്താന്‍ ആണെന്ന് പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മൊഴി. ആശയം ഉദിച്ചത് 2017 ല്‍ പുറത്തിറങ്ങിയ 'സ്പൈഡര്‍' എന്ന തമിഴ് ചിത്രത്തില്‍ നിന്നാണെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഓടിന് താഴെ മച്ചുള്ളതിനാല്‍ ഈ പദ്ധതി ഉപേക്ഷിച്ചു.
വിഷം കൊടുത്തു കൊല്ലാനും വാഹനം ഇടുപ്പിച്ച് കൊല്ലാനും ആലോചിച്ചിരുന്നതായും 13കാരിയും - ആണ്‍ സുഹൃത്തും തമ്മിലുള്ള വാട്ട്സ്ആപ്പ് സന്ദേശത്തില്‍ വ്യക്തമായിട്ടുണ്ട്. പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസത്തില്‍ കൊലപാതകം ആസൂത്രണം ചെയ്ത ചാറ്റുകള്‍ മായ്ക്കാഞ്ഞതാണ് പ്രതികള്‍ക്ക് കുരുക്കായത്. ശിവന്‍കുട്ടിയുടെ വീടിന്റെ ലൊക്കേഷന്‍ 13 കാരി ആണ്‍ സുഹൃത്തിന് അയച്ചു നല്‍കിയതടക്കമുള്ള ഫോണ്‍ രേഖകള്‍ കേസില്‍ നിര്‍ണ്ണായക തെളിവാകും.
സംഭവത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കുറ്റകൃത്യത്തില്‍ സിനിമയില്‍ നിന്നുള്ള ആശയം ഉണ്ടാകാമെന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പറഞ്ഞിരുന്നത്. 2017ല്‍ എ ആര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം സ്പൈഡറില്‍ ഒരു ബാലന്‍ ഓരോരുത്തരേയും തലയില്‍ കല്ലിട്ട് കൊലപ്പെടുത്തുന്നതാണ് പ്രമേയം. ഇത്തരത്തില്‍ ഒരു പ്ലാനിങ്ങായിരുന്നു കരുവാറ്റയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയതെന്നാണ് ഇപ്പോള്‍ മൊഴി പുറത്ത് വന്നിരിക്കുന്നത്. ശനിയാഴ്ച രാത്രി വീട്ടില്‍ എത്തിയ പ്രതികള്‍ ശിവന്‍കുട്ടി ഉറങ്ങി എന്ന് മനസിലാക്കി ഏണിവെച്ച് മേല്‍ക്കൂരയുടെ മുകളില്‍ കറിയിരുന്നു. എന്നാല്‍ ഓരോ ഇടത്തും ഓട് ഇളക്കി നോക്കുമ്പോള്‍ മച്ച് തടസമാകുകയായിരുന്നു. മച്ചില്ലാത്ത ഭാഗത്ത് ഇറങ്ങാനും കഴിഞ്ഞില്ല. പിന്നാലെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ അവിടെ വെച്ച് തന്നെ വാട്സപ്പില്‍ 13 കാരിയുടെ മെസേജ് വന്നിരുന്നു. വെന്റിലേഷന്റെ ഭാഗത്ത് വലിയ ദ്വാരമുണ്ടെന്നും അതുവഴി ഇറങ്ങാം എന്നുമായിരുന്നു സന്ദേശം. പിന്നാലെ ദ്വാരം വഴി ഒരാള്‍ അകത്ത് കയറുകയും വാതില്‍ തുറന്ന് മറ്റുള്ളവരെ അകത്ത് കയറ്റുകയുമായിരുന്നു.
ഇതിന് മുമ്പ് ശിവന്‍കുട്ടിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താനുള്ള പദ്ധതിയും ഇവര്‍ ഇട്ടിരുന്നു. ഇതിനായി കരുനാഗപ്പള്ളിയിലെ ഒരു ക്വട്ടേഷന്‍ ടീമുമായും കുട്ടികള്‍ ബന്ധപ്പെട്ടിരുന്നു. പണം നല്‍കാമെന്ന് പറഞ്ഞിട്ടും അവര്‍ ഈ ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. വിഷം കൊടുത്ത് കൊല്ലാനുള്ള ശ്രമവും ഇതിനിടെ പാളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സാധാരണ കൊലപാതകങ്ങളില്‍ ഉണ്ടാകുന്ന സങ്കീര്‍ണത ഒഴിവാക്കാന്‍, പൊടുന്നനെ മരണം ഉറപ്പിക്കാന്‍ കഴിയുന്ന നിലയില്‍ മുകളില്‍ നിന്ന് വലിയ പാറക്കല്ല് തലയില്‍ ഇട്ട് കൊലപ്പെടുത്താന്‍ പദ്ധതി ഇടുന്നത്. സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത് വന്നതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികള്‍ കരുവാറ്റയില്‍ എത്തിയത്. കൊല്ലത്ത് നിന്ന് ട്രെയിനിലായിരുന്നു ഇവര്‍ എത്തിയത്. ശുചിമുറിയിലെ വെന്റിലേറ്ററിലൂടെയാണ് പ്രതികള്‍ വീടിനകത്ത് പ്രവേശിച്ചത്. ശബ്ദം കേട്ട് ശിവന്‍കുട്ടി എത്തിയപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കേസില്‍ 13കാരി അടക്കം പ്രായപൂര്‍ത്തിയാകാത്ത നാല് പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കൂട്ടുപ്രതികള്‍ പെണ്‍കുട്ടിയുടെ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്.
67 വയസുള്ള ശിവന്‍കുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടില്‍ നിന്നും ആറു പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ശിവന്‍കുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളില്‍ 13കാരി കണ്ടിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് ഐഫോണ്‍ വാങ്ങാനും കൂട്ടുപ്രതികളായ പരവൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതെന്നാണ് വിവരം.