CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 55 Seconds Ago
Breaking Now

ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

മോഷണശ്രമത്തിനിടയിലാണ് കൗമാരക്കാരുടെ സംഘം കൊലപാതകം നടത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്

ആലപ്പുഴ ഹരിപ്പാട് കരുവാറ്റയില്‍ വൃദ്ധനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കൊല്ലം പരവൂര്‍ സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികളെയും കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ ബന്ധുവായ 13 കാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

മോഷണശ്രമത്തിനിടയിലാണ് കൗമാരക്കാരുടെ സംഘം കൊലപാതകം നടത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ശിവന്‍കുട്ടിയുടെ ബന്ധുവായ പെണ്‍കുട്ടിക്ക് ഐഫോണ്‍ വാങ്ങി നല്‍കുന്നതിനും, ഒപ്പമുണ്ടായിരുന്ന പരവൂര്‍ സ്വദേശികളായ സുഹൃത്തുക്കള്‍ക്ക് ബൈക്ക് വാങ്ങുന്നതിനുമുള്ള പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്തത്.

കൃത്യസമയത്ത് കൊലപാതകം നടത്തുന്നതിന്റെ ക്രൂരമായ ദൃശ്യങ്ങള്‍ കൗമാര സംഘം വാട്‌സാപ്പ് വീഡിയോ കോളിലൂടെ ശിവന്‍കുട്ടിയുടെ ബന്ധുവായ പെണ്‍കുട്ടിയെ കാണിച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കസ്റ്റഡിയിലുള്ള കൗമാരക്കാരായ പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും, സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കരുവാറ്റയില്‍ വയോധികനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാടപ്പുരയ്ക്കല്‍ പടീറ്റതില്‍ വാടകയ്ക്ക് താമസിക്കുന്ന ശിവന്‍കുട്ടി (67) ആണ് മരിച്ചത്. കൈകാലുകള്‍ കൂട്ടിക്കെട്ടി കഴുത്തില്‍ കയര്‍ കുരുക്കിയ ക്രൂരമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവന്‍കുട്ടിയുടെ ഭാര്യയും കുടുംബാംഗങ്ങളും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു. അതിനാല്‍ സംഭവദിവസം വീട്ടില്‍ ശിവന്‍കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ചെറുമകള്‍ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് വാതില്‍ പൊളിച്ചു അകത്തു കയറി നോക്കിയപ്പോഴാണ് ശിവന്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.