CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes Ago
Breaking Now

കര്‍ണാടകയിലെ മാളില്‍ ജോലിക്ക് പോയത് ഇഷ്ടമായില്ല; ആണ്‍ സുഹൃത്തിനെ വീട്ടിലെത്തിച്ചതിലും എതിര്‍പ്പ്; 21കാരിയെ പിതാവ് കൊലപ്പെടുത്തി

അന്യസംസ്ഥാനത്ത് പോയി ജോലി ചെയ്യുന്നതിനും മുടിയുടെ നീളം കുറച്ചതിനും വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.

അന്യസംസ്ഥാനത്ത് മാളില്‍ ജോലിക്ക് പോയതിലും തലമുടി വെട്ടിയതിലും ആണ്‍ സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുവന്നതിലും എതിര്‍പ്പ് പ്രകടിപ്പിച്ച് 21കാരിയെ പിതാവും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലെ ദാബ്ര സ്വദേശിനിയായ നന്ദിനി യാദവാണ് കൊല്ലപ്പെട്ടത്.

കര്‍ണാടകയിലെ ഒരു മാളിലായിരുന്നു നന്ദിനി ജോലി ചെയ്തിരുന്നത്. അന്യസംസ്ഥാനത്ത് പോയി ജോലി ചെയ്യുന്നതിനും മുടിയുടെ നീളം കുറച്ചതിനും വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇതിനുപുറമെ, ജോലിസ്ഥലത്തുള്ള ഒരു യുവാവിനെ രക്ഷാബന്ധന്‍ ആഘോഷത്തിനായി നന്ദിനി വീട്ടിലേക്ക് കൊണ്ടുവന്നതും കുടുംബത്തെ പ്രകോപിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.എന്നാല്‍ യുവാവ് സഹോദരനെപ്പോലെയാണെന്നാണ് നന്ദിനി കുടുംബത്തോട് പറഞ്ഞിരുന്നത്. ഇതൊന്നും അംഗീകരിക്കാന്‍ കുടുംബം തയ്യാറായില്ലെന്നാണ് പൊലീസ് പറയുന്നത്.

നന്ദിനിയുടെ പിതാവ് ഭഗവാന്‍ സിങ് യാദവും അമ്മാവന്‍ സന്തോഷ് സിങ് യാദവും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവസമയത്ത് നന്ദിനിയുടെ അമ്മയെയും സഹോദരിയെയും മറ്റൊരു മുറിയില്‍ പൂട്ടിയിട്ടിരുന്നു.

നന്ദിനിക്കൊപ്പമെത്തിയ യുവാവിനെയും പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

മുടി വെട്ടിയതും മറ്റൊരു സംസ്ഥാനത്ത് പോയി ജോലി ചെയ്തതുമാണ് മകളെ ആക്രമിക്കാന്‍ കാരണമെന്ന് നന്ദിനിയുടെ പിതാവ് പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ആദ്യം നന്ദിനിയുടെ തല ചുമരില്‍ ഇടിപ്പിക്കുകയും വടികൊണ്ട് മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവും അമ്മാവനും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.

നന്ദിനിയുടെ വീട്ടില്‍നിന്ന് ബഹളം കേട്ട അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവ് ഭഗവാന്‍ സിങ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അമ്മാവനായ സന്തോഷ് സിങ് യാദവിനായി അന്വേഷണം തുടരുകയാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.