
















നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണിയില്‍ വീട് വിറ്റ് ലഭിച്ച പണം തട്ടിയെടുക്കുന്നതിനായി അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ പെണ്‍കുട്ടിയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍. സിമ്രാന്‍ തനേജ, സുഹൃത്തുക്കളായ ചിരാഗ്, പരസ് എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു വിദ്യാര്‍ഥിയുമാണ് പിടിയിലായത്.രോഹിണി സെക്ടര്‍ മൂന്നില്‍ താമസിച്ചിരുന്ന രാകേഷ് ഖന്നയെ ഇന്നലെ രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. രാകേഷിന്റെ ഉടമസ്ഥതയിലുള്ള വീട് കഴിഞ്ഞ ദിവസം 75 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു. ഈ തുക തട്ടിയെടുക്കുന്നതിനായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
രാകേഷിന്റെ സഹോദരിയുടെ മകളായ വിദ്യാര്‍ഥി സിമ്രാന്‍ തനേജ, സുഹൃത്തും ജിം ട്രെയിനറുമായ ഹിമാന്‍ശുവുമായി ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് രോഹിണി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ശശാങ്ക് ജെയ്സ്വാള്‍ വ്യക്തമാക്കിയത്.
സംഭവദിവസം രാകേഷ് ഖന്നയുടെ ഭാര്യയെയും സ്വന്തം അമ്മയെയും പശ്ചിംവിഹാറില്‍ നടക്കുന്ന മേളയ്ക്ക് പറഞ്ഞയച്ച ശേഷമാണ് സിമ്രാനും സംഘവും കവര്‍ച്ചയും കൊലപാതകവും നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
രാകേഷിന്റെ വീട്ടിലെത്തിയ സിമ്രാന്‍ വാതിലില്‍ മുട്ടി. ഖന്ന വാതില്‍ തുറന്നതോടെ സിമ്രാനും ഹിമാന്‍ശുവും ബലമായി വീട്ടിനുള്ളില്‍ പ്രവേശിച്ചു. തുടര്‍ന്ന് രാകേഷിനെ കീഴടക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം വീട്ടില്‍ സൂക്ഷിച്ചിരുന്ന 72,000 രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ശേഷം രക്ഷപ്പെട്ടു. സിമ്രാന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഇന്നലെ തന്നെ പൊലീസ് പിടികൂടി. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.