
















പോര്‍ട്ട്‌സ്മൗത്ത്: കൈരളി യുകെ സൗത്താംപ്ടണ്‍-പോര്‍ട്ട്‌സ്മൗത്ത് യൂണിറ്റും ലീഡ്‌സ് ടാക്‌സ് കണ്‍സള്‍ട്ടന്‍സിയും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ ഓള്‍ യുകെ വടംവലി മത്സരം ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ സമാപിച്ചു. ഓഗസ്റ്റ് 30-ന് പോര്‍ട്ട്‌സ്മൗത്തിലെ Mountbatten Leisure Centre-ല്‍ നടന്ന മത്സരത്തില്‍ Stoke Lions Warriors ചാമ്പ്യന്മാരായി.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 10 ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ആദ്യ റൗണ്ട് മുതല്‍ തന്നെ വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങളാണ് അരങ്ങേറിയത്. ഓരോ ടീമും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മത്സരങ്ങള്‍ കാണികള്‍ക്ക് ആവേശകരമായ അനുഭവമായി.

മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എട്ട് ടീമുകള്‍ക്ക് സമ്മാനങ്ങള്‍ ലഭിച്ചു. ആവേശകരമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ Stoke Lions Warriors ഒന്നാം സ്ഥാനത്തെത്തി കിരീടം സ്വന്തമാക്കിയപ്പോള്‍ Achayans Hereford രണ്ടാം സ്ഥാനവും Evershine Brothers Canterbury മൂന്നാം സ്ഥാനവും നേടി. Kombans Red നാലാം സ്ഥാനത്തും Oxford Cardinals അഞ്ചാം സ്ഥാനത്തും Rovers Exeter ആറാം സ്ഥാനത്തും എത്തി.

സ്വന്തം തട്ടകത്തില്‍ മത്സരിച്ച Pompey Boys Portsmouth ഏഴാം സ്ഥാനവും Gloucester Kings എട്ടാം സ്ഥാനവും നേടി. ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും മത്സരത്തിലുടനീളം മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ച Pompey Boys Portsmouth കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. സ്വന്തം ടീമിനെ പിന്തുണയ്ക്കാനെത്തിയ പോര്‍ട്ട്‌സ്മൗത്തിലെ കാണികളുടെ ആവേശകരമായ പിന്തുണയും ടീമിന് കരുത്തായി.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കാണികളുടെ സാന്നിധ്യവും ആവേശകരമായ പിന്തുണയും മത്സരത്തിന് കൂടുതല്‍ മിഴിവേകി. ചരിത്രപ്രസിദ്ധമായ പോര്‍ട്ട്‌സ്മൗത്ത് നഗരത്തില്‍ മലയാളി സമൂഹത്തിന്റെ കായിക ആവേശം പ്രകടമാക്കിയ ശ്രദ്ധേയമായ വേദിയായി മത്സരം മാറി.

കൈരളി യുകെ യൂണിറ്റിലെ വനിതാ ഭാരവാഹികളായ ബിന്ദു കുര്യന്‍, ജിമോള്‍ ജോസഫ്, ലൗലി ജയിംസ്, കൃഷ്ണവേണി എന്നിവര്‍ ചേര്‍ന്നാണ് മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

മികച്ച സംഘാടന മികവാണ് മത്സരത്തിന്റെ മറ്റൊരു പ്രത്യേകത. കൈരളി യുകെയും ലീഡ്‌സ് ടാക്‌സ് കണ്‍സള്‍ട്ടന്‍സിയും ചേര്‍ന്ന് ഒരുക്കിയ മികച്ച ക്രമീകരണങ്ങള്‍ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് സഹായകമായി. റഫറിമാരായ ബിജോ പാറശ്ശേരിലും ടോണി കുര്യനും കൃത്യതയോടെ മത്സരം നിയന്ത്രിച്ചതും ശ്രദ്ധേയമായി.

സമ്മാനദാനവും സമാപനച്ചടങ്ങും
മത്സരത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മാനദാന ചടങ്ങില്‍ കൈരളി യുകെ സൗത്താംപ്ടണ്‍-പോര്‍ട്ട്‌സ്മൗത്ത് യൂണിറ്റ് സെക്രട്ടറി അബി കുര്യന്‍ സ്വാഗതം ആശംസിച്ചു.
ചടങ്ങില്‍ കൈരളി യുകെ നാഷണല്‍ കമ്മിറ്റി സെക്രട്ടറി നവീണ്‍ ഹരി, വൈസ് പ്രസിഡന്റ് ജോസഫ് ടി. ജോസഫ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ അനസ്, വരുണ്‍, ഷൈജു ടി. കെ., കൈരളി യുകെ സൗത്താംപ്ടണ്‍-പോര്‍ട്ട്‌സ്മൗത്ത് യൂണിറ്റ് കമ്മിറ്റി അംഗം പ്രസാദ് ഒഴാക്കല്‍, ബിനു ആന്റണി, ലീഡ്‌സ് ടാക്‌സ് കണ്‍സള്‍ട്ടന്‍സിയുടെ ഡയറക്ടര്‍മാരായ ജെയിസണ്‍ ജെയിംസ്, സന്തോഷ് തോമസ്, സിജി ജോസ്, മാനേജര്‍മാരായ റോണി തങ്കച്ചന്‍, ജോവി ജോസഫ്, ട്രിനിറ്റി മോര്‍ട്ട്‌ഗേജ് ലിമിറ്റഡിന്റെ മാത്യു, സൗത്താംപ്ടണ്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് റോബിന്‍, സിബി, Friends Malayali Aossciation, Hampshire-ന്റെ ഭാരവാഹി സാബു ജോസ്, പോര്‍ട്ട്‌സ്മൗത്ത് മലയാളി അസോസിയേഷന്‍ ഭാരവാഹി ഡൈസി ബ്രൂണോ എന്നിവര്‍ പങ്കെടുത്തു.

വിജയികളായ ടീമുകള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു. മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘാടക സമിതി അംഗങ്ങളെയും വളണ്ടിയര്‍മാരെയും ടീമുകളെയും കാണികളെയും ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.
പരിപാടി വിജയകരമായി പൂര്‍ത്തിയാക്കാന്‍ വിവിധ രീതിയില്‍ സഹകരിച്ച എല്ലാവര്‍ക്കും ലീഡ്‌സ് ടാക്‌സ് കണ്‍സള്‍ട്ടന്‍സിയുടെ നമിത ജെയിസണ്‍ നന്ദി അറിയിച്ചു. ടീമുകളുടെ പങ്കാളിത്തവും കാണികളുടെ പിന്തുണയും സംഘാടകരുടെയും വളണ്ടിയര്‍മാരുടെയും കൂട്ടായ പരിശ്രമവുമാണ് പ്രഥമ ഓള്‍ യുകെ വടംവലി മത്സരത്തിന്റെ വിജയത്തിന് പിന്നിലെന്ന് അവര്‍ പറഞ്ഞു.
കായിക മത്സരത്തിനപ്പുറം യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹത്തെ ഒരുമിച്ചുകൂട്ടിയ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി മാറിയ പ്രഥമ ഓള്‍ യുകെ വടംവലി മത്സരം, മികച്ച സംഘാടനത്തോടെയും വലിയ ജനപങ്കാളിത്തത്തോടെയും ശ്രദ്ധേയമായ വിജയമായി.