
















തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ യുകെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഡിഎംകെ. മുഖ്യമന്ത്രിയുടെ സുഹൃത്തും നടനുമായ അജിതിന്റെ കാര്‍ റേസിംഗ് കാണാനാണ് വിജയ് യുകെ സന്ദര്‍ശിച്ചതെന്നാണ് ഡിഎംകെ വിമര്‍ശിക്കുന്നത്. സുഹൃത്തിനെ സന്ദര്‍ശിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ടിവികെ നേതാക്കള്‍ ചോദിച്ചു.
2026ലെ മിഷലിന്‍ ലെ മാന്‍സ് കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം റൗണ്ട് മത്സരത്തില്‍ വിജയ് ചടങ്ങിന്റെ ഭാഗമായി. പച്ചക്കൊടി വീശി മത്സരം ഉദ്ഘാടനം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ഇരുവരുടെയും കൂടിക്കാഴ്ചയുടെ വീഡിയോയും പുറത്തുവന്നതോടെയാണ് ഡിഎംകെ രംഗത്തെത്തിയത്. റേസിംഗിന് മുന്നോടിയായി ഇരുവരും പരസ്പരം ആലിംഗനം ചെയ്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ലണ്ടനില്‍ നിന്ന് നിക്ഷേപം കൊണ്ടുവരാനാണ് പോകുന്നതെന്ന് വിജയ് പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്താണ് ഡിഎംകെയുടെ വിമര്‍ശനം. സംസ്ഥാനത്ത് കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളുണ്ട്. ഇപ്പോള്‍ നിക്ഷേപം കൊണ്ടുവരാനുള്ള അടിയന്തര സാഹചര്യങ്ങളൊന്നുമില്ലെന്ന് ഡിഎംകെ എംഎല്‍എ മാര്‍ക്കണ്ടേയനും വിമര്‍ശിച്ചു.
വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും മോട്ടോര്‍ സ്‌പോര്‍ട്‌സ് സിറ്റിക്കായി ലോകോത്തര കായിക സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനുമാണ് വിജയ് ഔദ്യോഗികമായി യുകെ സന്ദര്‍ശിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
ഡിഎംകെയുടെ വിമര്‍ശനങ്ങളെ ടിവികെ ശക്തമായി തള്ളി. ഔദ്യോഗിക സന്ദര്‍ശനത്തിനിടെ സുഹൃത്തിനെ കാണുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ടിവികെ വക്താവ് വി. നാരായണന്‍ പറഞ്ഞു. ചെറിയ കാര്യങ്ങളുടെ പേരില്‍ വിവാദമുണ്ടാക്കുന്നത് രാഷ്ട്രീയ അസൂയ മൂലമാണെന്നും ടിവികെ ആരോപിച്ചു.