
















വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ക്കെതിരെ യുകെയുടെ നേതൃത്വത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം കടുപ്പിച്ചതിന് പിന്നാലെ, ബ്രിട്ടനെതിരെ ശക്തമായ പ്രതികാര നടപടികളുമായി ഇസ്രായേല്‍ രംഗത്ത്. ജറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടച്ചുപൂട്ടിയതായും മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെ 12 ബ്രിട്ടീഷ് പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശനം വിലക്കിയതായും ഇസ്രായേല്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി യുകെ സര്‍ക്കാര്‍ ഇസ്രായേലിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണെന്ന് വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ കുറ്റപ്പെടുത്തി.
വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ 'വംശീയ ഉന്മൂലനം' നടത്തുന്നുവെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി എഡ് മിലിബാന്‍ഡ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു. ഈ പ്രസ്താവന അതിരുകടന്ന നുണയാണെന്ന് വിശേഷിപ്പിച്ച ഗിഡിയന്‍ സാര്‍, ബ്രിട്ടീഷ് നടപടി ധാര്‍മ്മികമായി വളച്ചൊടിക്കപ്പെട്ടതും ഒരു പരമാധികാര രാഷ്ട്രത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പ്രകടമായ ഇടപെടലാണെന്നും വ്യക്തമാക്കി.
പലസ്തീന്‍ അതോറിറ്റിയുടെ അംഗീകാരത്തോടെ കിഴക്കന്‍ ജറുസലേമില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടന്റെ കോണ്‍സുലേറ്റ് ഇസ്രായേല്‍ അടച്ചുപൂട്ടുകയും, മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെയുള്ള 12 ബ്രിട്ടീഷ് പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശനം നിരോധിക്കുകയും ചെയ്തു. ഇതിനുപുറമെ, ഗാസയിലെ യു.എസ് നേതൃത്വത്തിലുള്ള ഏകോപന ദൗത്യത്തില്‍ നിന്ന് യുകെയുടെ പങ്കാളിത്തം പൂര്‍ണ്ണമായി ഒഴിവാക്കുമെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന്, ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളുമായി വ്യാപാരം നടത്താന്‍ യുകെ, കാനഡ, ഫ്രാന്‍സ് ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇസ്രായേലിന്റെ പുതിയ നടപടികള്‍.
കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ നിയന്ത്രണമുണ്ടെങ്കിലും യുകെ ഉള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങളും ഈ പ്രദേശത്തിന് മേലുള്ള ഇസ്രായേലിന്റെ പരമാധികാരം അംഗീകരിക്കുന്നില്ല.നിലവില്‍ യുകെയും മറ്റ് രാജ്യങ്ങളും ടെല്‍ അവീവിലാണ് നയതന്ത്ര കാര്യാലയങ്ങള്‍ നിലനിര്‍ത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജൂത കുടിയേറ്റങ്ങളെ അനുകൂലിച്ച് പ്രചാരണം നടത്തുന്നതിനിടയിലുണ്ടായ ഈ നയതന്ത്ര സംഘര്‍ഷം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.