
















ഫ്രാന്‍സിലെ പ്രശസ്തമായ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാനെത്തിയ ഹിന്ദു മതസംഘടനയുടെ ആവശ്യപ്രകാരം വനിതാ ജീവനക്കാരോട് ജോലിസ്ഥലത്ത് നിന്ന് മാറിനില്‍ക്കാന്‍ മാനേജ്മെന്റ് നിര്‍ദ്ദേശം നല്‍കിയതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ പണിമുടക്ക്. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച ഈഫല്‍ ടവര്‍ പൂര്‍ണ്ണമായി അടച്ചിട്ടു. ബി.എ.പി.എസ് എന്ന സംഘടനയില്‍പ്പെട്ട നൂറോളം പ്രതിനിധികള്‍ ശനിയാഴ്ച ഈഫല്‍ ടവര്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു സംഭവം.
വനിതാ ജീവനക്കാരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്ന് സന്ദര്‍ശക പ്രതിനിധികള്‍ ആവശ്യപ്പെട്ടതായി ഈഫല്‍ ടവര്‍ പ്രവര്‍ത്തിപ്പിക്കുന്ന സെറ്റ് കമ്പനി സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ടവറിലെയും കരാര്‍ സ്ഥാപനങ്ങളിലെയും വനിതാ ജീവനക്കാരോട് സന്ദര്‍ശകരുടെ കണ്ണില്‍പ്പെടാതെ 'മറഞ്ഞുനില്‍ക്കാന്‍' അധികൃതര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ചില വനിതകളെ മാറ്റി പുരുഷ ജീവനക്കാരെ പകരം നിയമിക്കുകയും, പ്രതിനിധികള്‍ നില്‍ക്കുന്ന സ്ഥലങ്ങളിലേക്ക് വനിതകള്‍ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു.
സംഭവം വന്‍ വിവാദമായതോടെ, ഇത്തരമൊരു വ്യവസ്ഥ അംഗീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും ലിംഗസമത്വമെന്ന ഫ്രഞ്ച് റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇതെന്നും SETE പ്രസിഡന്റ് അറിയല്‍ വെയില്‍ പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിച്ച പാരീസ് മേയര്‍ ഇമ്മാനുവല്‍ ഗ്രെഗോയിര്‍, മാനേജ്മെന്റിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.
സ്ത്രീകള്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഫ്രഞ്ച് സമത്വ വകുപ്പ് മന്ത്രി ഓറോര്‍ ബെര്‍ജെ പ്രതികരിച്ചു. തീവ്ര വലതുപക്ഷ നേതാവ് മരീന്‍ ലീ പെന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും സംഭവത്തിനെതിരെ രംഗത്തെത്തി. പ്രതിവര്‍ഷം 70 ലക്ഷത്തോളം ആളുകള്‍ സന്ദര്‍ശിക്കുന്ന ഈഫല്‍ ടവര്‍ ചൊവ്വാഴ്ചയോടെ വീണ്ടും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.