
















പാലക്കാട് മേനോന്‍പാറയില്‍ അഞ്ചും മൂന്നും വയസ്സുള്ള സഹോദരങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടികളെ കൊലപ്പെടുത്തിയത് സ്വന്തം അമ്മയാണെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ നിവേദ്യയെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വതന്ത്രമായി ജീവിക്കണമെന്നും, തുടര്‍ന്ന് പഠിക്കണമെന്നും മോഡലിംഗിന് പോകണമെന്നുമായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ കുട്ടികള്‍ ഇതിന് തടസ്സമാകുമെന്ന് കരുതിയാണ് കൃത്യം നടത്തിയതെന്നും പ്രതിയായ നിവേദ്യ പോലീസിന് മൊഴി നല്‍കി. ഭര്‍ത്താവ് മദ്യപാനിയാണെന്നും ചോദ്യം ചെയ്യലില്‍ ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിക്ക് യാതൊരുവിധ മാനസിക പ്രശ്‌നങ്ങളുമില്ലെന്ന് പോലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം കള്ളയാര്‍പാളയം സ്വദേശികളായ ജോണ്‍ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫര്‍ ജൂലിയറ്റ് (5), റോബിന്‍ ക്രിസ്റ്റഫര്‍ (3) എന്നിവരെ മേനോന്‍പാറയിലെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസം മുന്‍പാണ് വിറകുവെട്ട് തൊഴിലാളിയായ ജോണ്‍ കുമാറും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയത്. സംഭവം നടക്കുമ്പോള്‍ ജോണ്‍ കുമാര്‍ ജോലിക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ നിവേദ്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.
കുട്ടികള്‍ കുളിമുറിയിലെ ചെറിയ വെള്ളത്തൊട്ടിയില്‍ അബദ്ധത്തില്‍ വീണു മരിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു കുട്ടികളുടെ പിതാവിന്റെ സഹോദരി ബെന്‍സിയുടെയും മറ്റ് ബന്ധുക്കളുടെയും പ്രാഥമിക സംശയം. രണ്ട് കുട്ടികളും ഒരുമിച്ച് ഇത്തരത്തില്‍ അപകടത്തില്‍പ്പെടുക അസംഭവ്യമാണെന്നും, സംഭവസമയത്തെ നിവേദ്യയുടെ പെരുമാറ്റത്തില്‍ ദുരൂഹതയുണ്ടെന്നും കാണിച്ച് ബെന്‍സി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മാതാവ് നിവേദ്യ കുറ്റം സമ്മതിച്ചത്. തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. നാടിനെയാകെ നടുക്കിയ ഈ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് മേനോന്‍പാറയിലെ നാട്ടുകാര്‍.