
















ഫ്‌ലൈദുബായ് വിമാനത്തിനുള്ളില്‍ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെട്ട ഇസ്രായേലി ദന്തഡോക്ടറുടെ നടുക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കനത്ത രക്തസ്രാവമുണ്ടായ ക്യാപ്റ്റന്‍ മച്ചാറിന്റെ ജീവന്‍ രക്ഷിക്കാന്‍ താന്‍ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് ഡോക്ടര്‍ ഷോത മോസേവ് മാധ്യമങ്ങളോട് വിശദീകരിച്ചു.
വിമാനത്തിലുണ്ടായിരുന്ന ഏക ഡോക്ടറായിരുന്നു ഷോത മോസേവ്. നിലവിളി ശബ്ദം കേട്ട് കോക്ക്പിറ്റിലേക്ക് ഓടിയെത്തിയ അദ്ദേഹം കണ്ട കാഴ്ച ഭീകരമായിരുന്നു. 'അദ്ദേഹത്തിന്റെ ശരീരമാകെ വെട്ടേറ്റ പാടുകളുണ്ടായിരുന്നു. തലയും കൈകളും ഏതാണ്ട് രണ്ടായി പിളര്‍ന്ന നിലയിലായിരുന്നു. കനത്ത രക്തസ്രാവം കാരണം അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു,' ഡോക്ടര്‍ മോസേവ് പറഞ്ഞു.
രക്തസ്രാവം തടയുക എന്നതായിരുന്നു തന്റെ ആദ്യ ലക്ഷ്യമെന്ന് ഡോക്ടര്‍ പറയുന്നു. ക്യാപ്റ്റന്റെ രക്തസമ്മര്‍ദം ക്രമാതീതമായി കുറയുകയും ഒടുവില്‍ അദ്ദേഹം ബോധരഹിതനാകുകയും ചെയ്തു. എങ്കിലും ഏറെ പണിപ്പെട്ട് രക്തസ്രാവം നിയന്ത്രിക്കാനും രക്തസമ്മര്‍ദം സ്ഥിരപ്പെടുത്താനും തനിക്ക് സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി. പിന്നീട് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ ഇറക്കിയ ഉടന്‍ തന്നെ ക്യാപ്റ്റനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ അദ്ദേഹം അപകടനില തരണം ചെയ്തതായി ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.
ഡോക്ടര്‍ ക്യാപ്റ്റന് പ്രഥമശുശ്രൂഷ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും മറ്റ് ജീവനക്കാരും ചേര്‍ന്ന് അക്രമിയായ സഹപൈലറ്റിനെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. 'ഞങ്ങള്‍ ആ ഭീകരനെ കെട്ടിയിട്ടു,' ഡോക്ടര്‍ മോസേവ് പറഞ്ഞു. ഹെഡ്ഫോണിന്റെ വയറുകളും പിന്നീട് പ്ലാസ്റ്റിക് സിപ് ടൈകളും ഉപയോഗിച്ചാണ് അക്രമിയെ ബന്ധിപ്പിച്ചത്. കീഴ്‌പ്പെടുത്തിയ ശേഷം അയാള്‍ യാതൊരു ചെറുത്തുനില്‍പ്പും നടത്തിയില്ലെന്നും നിശബ്ദനായി ഇരിക്കുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.