
















വിമാന ഇന്ധന വില കുത്തനെ കൂട്ടിയതോടെ വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയരും. ലിറ്ററിന് 16 രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് എണ്ണക്കമ്പനികള്‍ വരുത്തിയത്. ഇതോടെ വിമാന ഇന്ധനവില ലിറ്ററിന് 121 രൂപയില്‍ നിന്ന് 137 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായ പ്രതിമാസ വര്‍ധനവിന് പിന്നാലെ വന്ന വന്‍ വിലക്കയറ്റം വരുംദിവസങ്ങളില്‍ വിമാന യാത്രാനിരക്കുകള്‍ വീണ്ടും കുത്തനെ ഉയരാന്‍ ഇടയാക്കും.
വിമാനക്കമ്പനികളുടെ മൊത്തം പ്രവര്‍ത്തനച്ചെലവിന്റെ 40 മുതല്‍ 60 ശതമാനം വരെയും വരുന്നത് ഇന്ധനച്ചെലവാണ്. രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില വ്യതിയാനങ്ങളും വിനിമയ നിരക്കിലെ മാറ്റങ്ങളുമാണ് വിലവര്‍ധനവിന് കാരണമെന്നാണ് വിശദീകരണം. ഇന്ധനവില വര്‍ധിച്ചതോടെ ചെലവ് നികത്താന്‍ ടിക്കറ്റ് നിരക്കുകള്‍ കൂട്ടുകയല്ലാതെ മറ്റു വഴികളില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനികള്‍.
ഉത്സവ സീസണും അവധിക്കാലവും അടുത്തിരിക്കെ വന്ന ഈ നിരക്കുവര്‍ധന യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാകും. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെയും കുടുംബങ്ങളെയുമാണ് വിമാനക്കമ്പനികളുടെ ഈ നിരക്കുവര്‍ധന നേരിട്ട് ബാധിക്കുക.