CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 33 Minutes 38 Seconds Ago
Breaking Now

കായിക വിജയികള്‍ക്ക് ആദരമൊരുക്കി ലിമ; വള്ളംകളി, വടംവലി ജേതാക്കളെ അനുമോദിച്ചു

വള്ളംകളി മത്സരത്തില്‍ എതിരാളികളെ പിന്തള്ളി കിരീടം ചൂടിയ വനിതാ ടീമിനെയും, 'ഒരുമ ബ്ലാക്ക്‌ബേണ്‍ പുള്‍ ലീഗ് സീസണ്‍ 2' വടംവലി മത്സരത്തില്‍ ഉജ്ജ്വല വിജയം കൈവരിച്ച വനിതാ താരങ്ങളെയുമാണ് ചടങ്ങില്‍ അനുമോദിച്ചത്.

ലിവര്‍പൂള്‍: യുകെയിലെ  കായികവേദികളില്‍ വിജയക്കൊടി പാറിച്ച ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ (LIMA) വനിതാ താരങ്ങള്‍ക്ക് പ്രൗഢഗംഭീരമായ ആദരം. 2026 ഒക്ടോബര്‍ 4-ന് ലിവര്‍പൂളിലെ സെന്റ് മാര്‍ഗരറ്റ് മേരീസ് പള്ളി ഹാളില്‍ നടന്ന തിളക്കമാര്‍ന്ന ചടങ്ങിലാണ് ജേതാക്കളെ ലിമയുടെ നേതൃത്വം ഔദ്യോഗികമായി ആദരിച്ചത്. ഈ വര്‍ഷത്തെ  യുക്മ (UUKMA) കേരളപൂരം വള്ളംകളി മത്സരത്തില്‍ എതിരാളികളെ പിന്തള്ളി കിരീടം ചൂടിയ വനിതാ ടീമിനെയും, 'ഒരുമ ബ്ലാക്ക്‌ബേണ്‍ പുള്‍ ലീഗ് സീസണ്‍ 2' വടംവലി മത്സരത്തില്‍ ഉജ്ജ്വല വിജയം കൈവരിച്ച വനിതാ താരങ്ങളെയുമാണ് ചടങ്ങില്‍ അനുമോദിച്ചത്.

ചടങ്ങില്‍ ലിമ സെക്രട്ടറി ബ്ലെസ്സണ്‍ രാജന്‍ സ്വാഗതമാശംസിച്ചു. ഈ വിജയം വെറുമൊരു കായിക നേട്ടം മാത്രമല്ലെന്നും, മറിച്ച് ലിമ എന്ന പ്രവാസി കൂട്ടായ്മയുടെ കായിക മുന്നേറ്റത്തിന്റെയും  ഒത്തൊരുമയുടെയും മകുടോദാഹരണമാണെന്നും അധ്യക്ഷപ്രസംഗത്തില്‍ ലിമ പ്രസിഡന്റ് ബിജു ജോര്‍ജ്  ചൂണ്ടിക്കാട്ടി. മുഖ്യാതിഥികളായി പങ്കെടുത്ത ഭാരവാഹികളും പ്രമുഖരും ടീമുകളുടെ കഠിനാധ്വാനത്തെയും മികച്ച പ്രകടനത്തെയും അഭിനന്ദിച്ചു സംസാരിച്ചു.

ടീം അംഗങ്ങളുടെ അര്‍പ്പണബോധത്തോടൊപ്പം സ്‌പോണ്‍സര്‍  മാത്യു അലക്‌സാണ്ടറിന്റെ (LTC Global Consultancy) പിന്തുണയും കോച്ച് ഹരി കുമാര്‍ ഗോപാലന്റെ ചിട്ടയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ് ഈ ചരിത്ര വിജയത്തിന് നിര്‍ണ്ണായകമായതെന്ന് വള്ളംകളി ടീം ക്യാപ്റ്റന്‍ ജൂലി ഫിലിപ്പ് പറഞ്ഞു. കളിക്കളത്തില്‍ ഒരേ മനസ്സോടെ ടീം നടത്തിയ കഠിനാധ്വാനമാണ് വിജയത്തിലേക്ക് വഴിയൊരുക്കിയതെന്ന് വടംവലി ടീം ക്യാപ്റ്റന്‍ ഷേര്‍ലി സ്റ്റാന്‍ലി അഭിപ്രായപ്പെട്ടു. ഈ മഹത്തായ നേട്ടങ്ങള്‍ക്കായി അക്ഷീണം പ്രവര്‍ത്തിച്ച മുഴുവന്‍ അംഗങ്ങള്‍ക്കും പിന്തുണ നല്‍കിയ പ്രവാസി സമൂഹത്തിനും കോച്ച് ഹരികുമാര്‍ നന്ദി രേഖപ്പെടുത്തി. യുകെയിലെ കായികരംഗത്ത് മലയാളി വനിതകള്‍ പ്രകടിപ്പിച്ച അസാധാരണ ടീം സ്പിരിറ്റും ആത്മവിശ്വാസവും സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് വള്ളംകളി ടീം സ്‌പോണ്‍സറായ സിന്‍ലെറ്റ് മാത്യു (LTC Global Consultancy) പറഞ്ഞു. ലിമയുടെ അഭിമാനമുയര്‍ത്തിയ എല്ലാ കായികപ്രതിഭകള്‍ക്കും ലിമ ട്രഷറര്‍ ജോസ് മാത്യു കൃതജ്ഞത രേഖപ്പെടുത്തി.

നാടും വീടും വിട്ട് ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം ജീവിക്കുമ്പോഴും തനത് നാടന്‍ കായിക മാമാങ്കങ്ങളുടെ ആവേശം ഒട്ടും ചോര്‍ന്നുപോയിട്ടില്ലെന്ന് അടിവരയിടുന്നതായിരുന്നു ഈ ഒത്തുചേരല്‍. പരസ്പര സ്‌നേഹവും വിജയത്തിന്റെ മധുരവും പങ്കുവെച്ച മനോഹരമായ ഒരു കുടുംബ സംഗമമായി മാറിയ ഈ ചടങ്ങ്, പ്രവാസലോകത്ത് വരുംതലമുറകള്‍ക്കും പുതിയ താരങ്ങള്‍ക്കും ഒരുപോലെ ഊര്‍ജ്ജം പകരുന്ന അനുഭവമായി മാറി.

മനോജ്  ജോസഫ് 

പി. ആര്‍. ഒ

 




കൂടുതല്‍വാര്‍ത്തകള്‍.