CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 1 Minutes 31 Seconds Ago
Breaking Now

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് റീജണല്‍ കലാമേള ഈമാസം 10ന് കവന്‍ട്രിയില്‍

മത്സരങ്ങള്‍ അഞ്ച് വേദികളിലായാണ് നടക്കുന്നത്.

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് റീജണല്‍ കലാമേള ഈമാസം 10ന് കവന്‍ട്രിയില്‍ നടക്കും. കവന്‍ട്രിയിലെ കര്‍ദിനാള്‍ വൈസ്മാന്‍ കാത്തലിക് സ്‌കൂളിലെ ഷേക്സ്പിയര്‍ നഗറിലാകും ഇക്കുറിയും റീജിയണല്‍ കലാമേളയ്ക്ക് വേദിയൊരുങ്ങുക. മിഡ്‌ലാന്‍ഡ്സിലെ 26 മലയാളി അസോസിയേഷനുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് വിവിധ കലാ ഇനങ്ങളില്‍ മാറ്റുരയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിലെ കലാമേളകള്‍ വിജയകരമായി സംഘടിപ്പിച്ചതിലൂടെ സംഘാടകര്‍ നേടിയ വിശ്വാസവും അംഗീകാരവുമാണ് ഇത്തവണയും അതേ വേദി തന്നെ ലഭിക്കുന്നതിന് വഴിയൊരുക്കിയത്. 

പ്രശസ്ത നാടകകൃത്ത് വില്യം ഷേക്സ്പിയറിന്റെ ജന്മസ്ഥലമായ സ്ട്രാറ്റ്ഫോര്‍ഡ്-അപോണ്‍-ആവണ്‍ സ്ഥിതി ചെയ്യുന്ന മിഡ്‌ലാന്‍ഡ്സിന്റെ കലാ-സാംസ്‌കാരിക പൈതൃകത്തെ മലയാളികളുടെ കലാമേളയുമായി ബന്ധിപ്പിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം നല്‍കിയ 'Shakespeare Nagar' എന്ന പേര് ഇത്തവണയും തുടരും.

കഴിഞ്ഞ വര്‍ഷം അഞ്ച് വേദികളിലായി 750-ഓളം മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. ഇത്തവണയും മത്സരങ്ങള്‍ അഞ്ച് വേദികളിലായാണ് നടക്കുന്നത്.

കേരളത്തിന്റെ ജലസമ്പത്തിന്റെയും പ്രകൃതി വൈവിധ്യത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന തരത്തില്‍ കേരളത്തിലെ നദികളുടെയും കായലുകളുടെയും പേരുകളാണ് അഞ്ച് വേദികള്‍ക്ക് നല്‍കാന്‍ യുക്മ മിഡ്‌ലാന്‍ഡ്സ് റീജണല്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

വേമ്പനാട് വേദി,അഷ്ടമുടി വേദി.,പമ്പാ വേദി,പെരിയാര്‍ വേദി, കബനി വേദി എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്.

കോവിഡ്-19ന് ശേഷം തുടര്‍ച്ചയായി നാല് വര്‍ഷവും യുക്മ ദേശീയ കലാമേളയിലും കായികമേളയിലും ചാമ്പ്യന്‍മാരായ മിഡ്‌ലാന്‍ഡ്സ് റീജണില്‍, ഇത്തവണയും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ വന്‍ ജനപങ്കാളിത്തവും ആവേശകരമായ മത്സരങ്ങളും പ്രതീക്ഷിക്കപ്പെടുന്നു.

രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ അഞ്ച് വേദികളിലായി കലാമേള തുടര്‍ച്ചയായി നടക്കും.

കലാമേളയുടെ വിജയത്തിനായി യുക്മ അംഗ അസോസിയേഷനുകളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും യുക്മ പ്രതിനിധികളും യുക്മ മിഡ്‌ലാന്‍ഡ്സിന് പൂര്‍ണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.