
















കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബംഗളൂരു ജയില്‍ ഡിഐജി എം. സോമശേഖരന്‍ അറസ്റ്റില്‍. ഭര്‍ത്താവിനെ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടെന്ന വ്യാജരേഖ ചമച്ചാണ് ഇയാള്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പരാതി.
നിലവില്‍ കലബുറഗി മേഖലാ ജയില്‍ ഡിഐജിയായ സോമശേഖരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതി വെള്ളിയാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
2018ല്‍ പരപ്പന അഗ്രഹാര ജയിലിന്റെ ചുമതല വഹിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലക്കേസ് പ്രതിയെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവെന്ന പേരില്‍ വ്യാജരേഖ തയ്യാറാക്കി പ്രതിയുടെ ഭാര്യയെ സോമശേഖരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. തുടര്‍ന്ന് 2018 നവംബര്‍ 18ന് പ്രതിയെ ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍നിന്ന് മോചിപ്പിക്കുകയും ചെയ്തു.
അന്ന് ജയില്‍ ജീവനക്കാരനായിരുന്ന ശ്രീകാന്തിന്റെ സഹായത്തോടെയാണ് വ്യാജരേഖ തയ്യാറാക്കിയതെന്നാണ് കണ്ടെത്തല്‍. ശ്രീകാന്തിനെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തതോടെയാണ് കേസില്‍ സോമശേഖരന്റെ പങ്ക് പുറത്തുവന്നത്.
തുടര്‍ന്ന് പൊലീസ് പ്രതിയെ കണ്ടെത്തി വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലാക്കി. പ്രതിയെ പിടികൂടാന്‍ പൊലീസ് എത്തിയപ്പോഴാണ് തനിക്ക് നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് യുവതി വെളിപ്പെടുത്തിയത്.
2018ല്‍ ഇതേ പ്രതിക്ക് സോമശേഖരന്‍ മൂന്ന് തവണ അനധികൃതമായി പരോള്‍ അനുവദിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.