CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 19 Seconds Ago
Breaking Now

ഇനി 'മുഖമാണ്' പാസ്‌പോര്‍ട്ട്; യുകെ വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ മുഖം ഉപയോഗിക്കാം; പുതിയ കോണ്ടാക്ട്‌ലെസ് പാസ്‌പോര്‍ട്ട് സ്‌കീം നടപ്പാക്കി ബ്രിട്ടന്‍

എല്ലാ സമയത്തും യാത്രക്കാര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് കൈവശം വെച്ചിരിക്കണമെന്നും ഹോം ഓഫീസ്

യുകെയിലെ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ പുതിയ കോണ്ടാക്ട്‌ലെസ് സിസ്റ്റം നടപ്പിലാക്കുന്നു. ലെസ്റ്റര്‍ഷയറിലെ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എയര്‍പോര്‍ട്ടിലാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയിരിക്കുന്നത്. 2027 തുടക്കത്തില്‍ യുകെയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും ഇഗേറ്റ് സംവിധാനം നിലവില്‍ വരുമെന്ന് ഹോം ഓഫീസ് അറിയിച്ചു. 

ഇ-ഗേറ്റിന് അരികിലേക്ക് എത്തുന്ന യാത്രക്കാരുടെ മുഖം ഫേഷ്യല്‍ ടെക്‌നോളജിക്കായി ഉപയോഗിക്കുന്നതാണ് സിസ്റ്റം. ഇവരുടെ ഫോട്ടോ എടുത്ത് സിസ്റ്റം ഇമിഗ്രേഷന്‍, ട്രാവല്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എന്നിവ പരിശോധിക്കും. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗേറ്റ് ഓട്ടോമാറ്റിക്കായി തുറക്കും. ഇത് വരുന്നതോടെ ഇ-ഗേറ്റ് റീഡറില്‍ പാസ്‌പോര്‍ട്ട് വെയ്ക്കുന്ന രീതിയും ഒഴിവാകും. 

കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരുന്ന യാത്രക്കാരോട് പാസ്‌പോര്‍ട്ട് റീഡറില്‍ വെയ്ക്കാനോ, ബോര്‍ഡര്‍ ഫോഴ്‌സ് ഓഫീസര്‍ക്ക് അരികിലെത്താനോ ആവശ്യപ്പെടും. എല്ലാ ഇ-ഗേറ്റുകളും ഓഫീസര്‍മാര്‍ നിരീക്ഷിക്കുന്നത് തുടരും. എല്ലാ സമയത്തും യാത്രക്കാര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് കൈവശം വെച്ചിരിക്കണമെന്നും ഹോം ഓഫീസ് കൂട്ടിച്ചേര്‍ത്തു. 

ഇ-ഗേറ്റില്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നതിനേക്കാള്‍ 25% വേഗത കൂടിയതാണ് പുതിയ കോണ്ടാക്ട്‌ലെസ് സിസ്റ്റമെന്ന് പരീക്ഷണത്തില്‍ വ്യക്തമായതായി ഗവണ്‍മെന്റ് പറഞ്ഞു. ഇ-ഗേറ്റ് സംവിധാനം നിലവില്‍ ഹീത്രൂ, ഗാറ്റ്‌വിക്ക്, ഗ്ലാസ്‌ഗോ, ബര്‍മിംഗ്ഹാം, ബ്രിസ്‌റ്റോള്‍, കാര്‍ഡിഫ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, എഡിന്‍ബര്‍ഗ്, ലണ്ടന്‍ സിറ്റ്, ലൂട്ടണ്‍, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍, സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളങ്ങളില്‍ ലഭ്യമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.