
















തിരുവനന്തപുരം പാങ്ങപ്പാറയില്‍ അഭിരാം എന്ന 17കാരനെ കൊലപ്പെടുത്തിയ സംഭവം ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അരുള്‍ ബി. കൃഷ്ണ. പോലീസ് പിടികൂടിയാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ തലയില്‍ മാത്രം വരുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നതായും കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കൗമാരക്കാര്‍ക്കിടയിലെ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അഭിരാമിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകം നടത്തിയശേഷം പോലീസിന്റെ പിടിയിലായാല്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ മാത്രമാണ് കൃത്യം ചെയ്തതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ധാരണ പ്രതികള്‍ക്കിടയിലുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് കമ്മീഷണര്‍ പറഞ്ഞു. പ്രതികള്‍ ഇതിന് മുമ്പും സമാനമായ രീതിയില്‍ കൊലപാതകശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
നിലവില്‍ മൂന്ന് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേര്‍ന്നാണ് അഭിരാമിനെ കൊലപ്പെടുത്തിയത്. കൈകൊണ്ടും ബെല്‍റ്റ് ഉപയോഗിച്ചും കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട മിസിങ് കേസ് രജിസ്റ്റര്‍ ചെയ്താണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ശ്രീകാര്യം സിഐയുടെ നേതൃത്വത്തില്‍ 16 അംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. പ്രതിയായ 17കാരന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിലൂടെയാണ് കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് കമ്മീഷണര്‍ പറഞ്ഞു.
കുട്ടിയുടെ അവസാന ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് ബന്ധുക്കളോടൊപ്പം പോലീസും പരിശോധന നടത്തിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതിയായ 17കാരനെ തിങ്കള്‍ പുലര്‍ച്ചെ സ്റ്റേഷനിലെത്തിച്ചെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമപരമായി തടസം ഉള്ളതിനാല്‍ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. മൃതദേഹം ഉപേക്ഷിച്ച സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത് ഒന്നാം പ്രതിയാണെന്നും കമ്മീഷണര്‍ അറിയിച്ചു.