CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 48 Minutes 22 Seconds Ago
Breaking Now

മകനെ നോക്കണം, അവന്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കുറിപ്പെഴുതി മാതാപിതാക്കള്‍ ജീവനൊടുക്കി ; പിന്നാലെ മകനും മരിച്ചു ; ചങ്ങനാശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സംഭവത്തില്‍ മാതാപിതാക്കള്‍ എഴുതിയ രണ്ട് കുറിപ്പുകള്‍ പൊലീസ് കണ്ടെത്തി.

ചങ്ങനാശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചങ്ങനാശേരി കരിങ്കട വീട്ടില്‍ സാജു ആന്റണി (64), ഭാര്യ അനു (59), മകന്‍ സവിന്‍ (33) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മാതാപിതാക്കള്‍ എഴുതിയ രണ്ട് കുറിപ്പുകള്‍ പൊലീസ് കണ്ടെത്തി.

തങ്ങളുടെ മരണശേഷം മകനും ജീവനൊടുക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അവനെ നന്നായി നോക്കണമെന്നും ബന്ധുക്കളോടായി എഴുതിയ കുറിപ്പുകളാണ് പൊലീസിന് ലഭിച്ചത്. മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ മകനും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സാജുവിന്റെയും അനുവിന്റെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിലും മകന്‍ സവിന്റെ മൃതദേഹം അടുക്കളയ്ക്ക് സമീപമുള്ള വര്‍ക്ക് ഏരിയയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ദുരന്തത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ സൂചന. എന്നാല്‍ മരണകാരണത്തില്‍ വ്യക്തത വരുത്താന്‍ വിശദമായ അന്വേഷണം തുടരുകയാണ്.

രാവിലെ ഏറെ നേരമായിട്ടും വീട്ടില്‍നിന്ന് ആരെയും പുറത്തുകാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ചങ്ങനാശേരി എസ്.ബി. കോളജിന് എതിര്‍വശം എം.സി. റോഡിന് സമീപത്താണ് കുടുംബം താമസിച്ചിരുന്നത്. നേരത്തെ പലചരക്കുകട നടത്തിയിരുന്ന കുടുംബം പിന്നീട് വീടിന്റെ മുകള്‍നിലയില്‍ ഹോംസ്റ്റേ നടത്തിയിരുന്നു.

രണ്ട് വര്‍ഷം മുന്‍പായിരുന്നു സവിന്റെ വിവാഹം. ഭാര്യ കുവൈത്തില്‍ ജോലി ചെയ്യുകയാണ്. ബാങ്ക് രേഖകളും മൊബൈല്‍ ഫോണുകളും പരിശോധിച്ച് മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം.

 




കൂടുതല്‍വാര്‍ത്തകള്‍.