
















ദേശീയപാതയില്‍ ജീവനൊടുക്കാന്‍ റോഡില്‍ മരണ പാച്ചില്‍ നടത്തിയ യുവാവിന്റെ വാഹനമിടിച്ചു പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. കോട്ടയം മുണ്ടക്കയം ചോറ്റി കവലയില്‍ യുവാവ് അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികനാണ് മരിച്ചത്. പനക്കച്ചിറ ഇല്ലിക്കുളത്ത് രാജന്‍ (63) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. നവം?ബര്‍ 1 ഞായറാഴ്ച്ച രാവിലെ 8.15 ഓടെയായിരുന്നു അപകടം. അപകടത്തില്‍ രാജന്റെ കൊച്ചുമക്കളടക്കം 14 പേര്‍ക്ക് പരിക്കേറ്റിരുന്നു.
കൂട്ടിക്കല്‍ സ്വദേശിയായ പുത്തൂര്‍ ശാലോം (27) ആണ് അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയത്. ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ കാറോടിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ ശാലോം നിലവില്‍ റിമാന്‍ഡിലാണ്.
മുണ്ടക്കയം ഭാഗത്തുനിന്നെത്തിയ ശാലോം ഓടിച്ച ബലേനോ കാര്‍ ആദ്യം മരത്തില്‍ ഇടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് നടക്കാതെ വന്നതോടെ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിപ്പിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ 5 കാറുകള്‍, ഓട്ടോറിക്ഷ, സ്‌കൂട്ടര്‍ എന്നിവയുള്‍പ്പെടെ 7 വാഹനങ്ങളില്‍ കൂട്ടിയിടിക്കുകയായിരുന്നു.