CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 32 Minutes 24 Seconds Ago
Breaking Now

പകല്‍ വെട്ടത്തില്‍ വസ്ത്ര വ്യാപാരി ; മലപ്പുറത്ത് ആളില്ലാത്ത വീടുകള്‍ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

നാട്ടുകാരോടും സുഹൃത്തുക്കളോടും വസ്ത്രവ്യാപാരിയാണെന്നാണ് പ്രതി പറഞ്ഞിരുന്നത്.

മലപ്പുറത്ത് ആളില്ലാത്ത വീടുകള്‍ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സൈനുദ് (43)ആണ് അറസ്റ്റിലായത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നൂറോളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍.

നാട്ടുകാരോടും സുഹൃത്തുക്കളോടും വസ്ത്രവ്യാപാരിയാണെന്നാണ് പ്രതി പറഞ്ഞിരുന്നത്. പകല്‍സമയങ്ങളില്‍ ആഡംബര കാറില്‍ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ച് ആള്‍ത്താമസമില്ലാത്ത വീടുകള്‍ കണ്ടെത്തുകയായിരുന്നു പതിവ്. വീടുകളുടെയും പരിസരങ്ങളുടെയും സാഹചര്യം നിരീക്ഷിച്ച് മോഷണത്തിനുള്ള സമയം തീരുമാനിക്കും. തുടര്‍ന്ന് രാത്രിയുടെ മറവില്‍ ഇരുചക്രവാഹനത്തിലെത്തി മോഷണം നടത്തും.

മുഖം മറച്ചും കൈകളില്‍ ഗ്ലൗസ് ധരിച്ചും വീടുകളിലെത്തുന്ന ഇയാള്‍ മുന്‍വാതില്‍ തകര്‍ത്താണ് അകത്തുകടന്നിരുന്നത്. മോഷണത്തിനുശേഷം തെളിവുകള്‍ ലഭിക്കാതിരിക്കാനായി വീടുകളിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌കുകളും കൈക്കലാക്കും. ഒരു ജില്ലയില്‍ മോഷണം നടത്തിയാല്‍ ഉടന്‍ മറ്റൊരു ജില്ലയിലേക്ക് താമസം മാറുന്നതായിരുന്നു രീതി. ഇത്തരത്തില്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടാതെ വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തി ആഡംബര ജീവിതം തുടരുകയായിരുന്നു ഇയാള്‍.

മഞ്ചേരിയില്‍ മോഷണക്കേസുകള്‍ വര്‍ധിച്ചതോടെ മഞ്ചേരി പോലീസും മലപ്പുറം ഡാന്‍സാഫ് സംഘവും സംയുക്തമായി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മുന്‍കാല കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് സൈനുദ്ദീനിലേക്ക് എത്തിയത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ പെരിന്തല്‍മണ്ണ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

പതിനെട്ടാം വയസ്സിലാണ് സൈനുദീന്‍ മോഷണം ആരംഭിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പാലക്കാട് ജില്ലയില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ ജയില്‍വാസത്തിനുശേഷം 2024-ലാണ് ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്ന് സഹോദരിക്കും കുടുംബത്തിനുമൊപ്പം മഞ്ചേരി, കാവനൂര്‍, രാമന്‍കുളം എന്നിവിടങ്ങളില്‍ വീടുകള്‍ വാടകയ്‌ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. ഇതിനിടെ കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.