
















കൊലക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതോടെ വെട്ടിലായി കാസര്‍കോട്ടെ യുഡിഎഫ് നേതാക്കള്‍. അബൂബക്കര്‍ സിദ്ദിഖി കൊലക്കേസ് പ്രതിയായ അഹമ്മദ് റയീസിനൊപ്പം നില്ക്കുന്ന സന്ദീപ് വാര്യര്‍ എംഎല്‍എ, എന്‍ എ നെല്ലിക്കുന്ന്, എകെഎം അഷ്റഫ് എന്നിവരുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഒരാഴ്ച മുന്‍പ് ഗള്‍ഫില്‍ ഒരു ജ്വല്ലറി ഉദ്ഘാടനവേളയില്‍ എടുത്ത ചിത്രമാണിത്. നാല് വര്‍ഷമായി സംസ്ഥാന ക്രൈംബ്രാഞ്ച് തേടുന്ന പ്രതിയാണ് അഹമ്മദ് റയീസ്.
2022 ജൂണ്‍ 26നായിരുന്നു ദുബായിലേക്കുള്ള ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഉപ്പളയില്‍ ക്വട്ടേഷന്‍ സംഘം കാസര്‍കോട്ടെ അബൂബക്കര്‍ സിദ്ദിഖിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിലെ 13ാം പ്രതിയാണ് റയീസ്. പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ അന്വേഷണ സംഘം ഇറക്കിയിരുന്നു. ഈ പ്രതിക്കൊപ്പമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍ ചിത്രത്തിലെ വ്യക്തിയെ തനിക്ക് അറിയില്ലെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു. കെഎംസിസിയുടെ പരിപാടിക്ക് പോയപ്പോള്‍ ജ്വല്ലറി ഉദ്ഘാടനം ഉണ്ട്, കയറിയിട്ട് പോകണം എന്ന് മഞ്ചേശ്വരം എംഎല്‍എ പറഞ്ഞതുപ്രകാരമാണ് പോയത്. നിരവധി പേര് ഫോട്ടോയെടുത്തിട്ടുണ്ട്. ആരൊക്കെയാണ് അറിയില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ചുരുങ്ങിയത് പത്തമ്പത് പേരെങ്കിലും വന്ന് ഫോട്ടോയെടുത്ത് കാണും. ബാക്ക്ഗ്രൗണ്ട് പരിശോധിച്ചിട്ടല്ലല്ലോ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.