ക്രിസ്തീയ വിശ്വാസികളുടെ അപ്പോസ്തലന്റെ ഖജനാവ് ചോരുന്നതായി ആശങ്ക. വത്തിക്കാന്റെ കടം 2018ല്‍ 70 മില്ല്യണ്‍ യൂറോയായി വര്‍ദ്ധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 300 മില്ല്യണ്‍ ബജറ്റിലാണ് ഈ കുറവ് നേരിട്ടത്. വത്തിക്കാന്റെ സാമ്പത്തിക കാര്യ കൗണ്‍സില്‍ മേധാവി കര്‍ദിനാള്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്‌സിന് പ്രശ്‌നങ്ങളുടെ ആഴം അറിയിച്ച് പോപ്പ് ഫ്രാന്‍സിസ് കത്തയച്ചു.
സെപ്റ്റംബര്‍ 20ന് പ്രശ്‌നം നേരിടാന്‍ വത്തിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളുടെ യോഗവും അദ്ദേഹം വിളിച്ചിട്ടുണ്ട്. 'ഹോളി സീയുടെ സാമ്പത്തിക ഭാവി സംരക്ഷിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങളെക്കുറിച്ച് പഠിക്കണം, എത്രയും പെട്ടെന്ന് ഇതിനുള്ള പരിഹാരങ്ങള്‍ നടപ്പാക്കണം', പോപ്പ് കര്‍ദിനാള്‍ മാര്‍ക്‌സിന് അയച്ച കത്തില്‍ വ്യക്തമാക്കിയെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പറയുന്നു.
അനതസാധാരണ യോഗം എന്നാണ് വത്തിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളുടെ യോഗത്തെ വിശേഷിപ്പിക്കുന്നത്. ആവശ്യത്തിലേറെ തൊഴിലവസരങ്ങള്‍, ആവശ്യമില്ലാത്ത വസ്തുക്കളുടെ വാങ്ങിക്കൂട്ടല്‍, ചെലവേറിയ കാറുകളുടെ പട, റോമിന് ചുറ്റിലുമുള്ള റിയല്‍എസ്‌റ്റേറ്റ് സ്വത്തുവകകള്‍ കൃത്യമായി നോക്കാത്തതും, വാടക പിരിക്കാത്തതും ഒക്കെയാണ് പ്രധാന പ്രശ്‌നങ്ങളായി കണക്കാക്കുന്നത്.
രണ്ട് ആശുപത്രികളില്‍ നിന്നുമുള്ള വന്‍ നഷ്ടവും വത്തിക്കാന് തലവേദന ആകുന്നു. സഭകളില്‍ നിന്നും ആരോപണങ്ങള്‍ നേരിട്ട് പുറത്തായ പുരോഹിതന്‍മാര്‍ക്ക് വരെ ജോലികള്‍ നല്‍കിയതും വിനയായെന്നാണ് വിലയിരുത്തല്‍.