
















ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായതിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധഭീതിയില്‍. ഇറാനില്‍ സൈനിക ഇടപെടല്‍ പരിഗണനയിലെന്ന അമേരിക്കന്‍ നിലപാടിനോട് അതേ നാണയത്തിലാണ് ഇറാന്റെ മറുപടി. അമേരിക്കയ്ക്ക് ഒരു യുദ്ധം പരീക്ഷിക്കണം എന്നാണെങ്കില്‍ ഞങ്ങളും തയ്യാര്‍ എന്നാണ് ട്രംപിന്റെ യുദ്ധ ഭീഷണിയോടുള്ള ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.
ഇറാനിലെ ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം.
നിലവിലെ അസ്വാരസ്യങ്ങള്‍ക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ വിശാലമായി തുറന്നിരുന്നു. ഇറാന്‍ എന്ത് നീക്കത്തിനും തയ്യാറാണ്, നിലവില്‍ വലിയ വിപുലമായ സൈനിക സംവിധാനം തങ്ങള്‍ക്കുണ്ടെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
ഇറാനിലെ പ്രക്ഷോഭത്തിന് പിന്നില്‍ വിദേശ ഇടപെടലാണെന്നും പ്രക്ഷോഭകര്‍ക്ക് വിദേശത്ത് നിന്ന് ആയുധം എത്തിച്ചെന്നും അബ്ബാസ് ആരോപിച്ചു. അമേരിക്കയെയും ഇസ്രയേലിനെയും ഉന്നമിട്ടായിരുന്നു ഇത്.
ഏറെ ഗൗരവത്തോടെയാണ് ഇറാനിലെ സാഹചര്യങ്ങളെ നോക്കിക്കാണുന്നതെന്നും ശക്തമായ സൈനിക നീക്കം യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇറാനെതിരെ സൈനിക നടപടി പരിഗണനയിലെന്ന് പറയുമ്പോഴും പ്രഥമ പരിഗണന നയതന്ത്ര നീക്കത്തിനാണെന്നും അമേരിക്ക വ്യക്തമാക്കുന്നുണ്ട്. ട്രംപ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. ഇറാന്‍ വിഷയത്തില്‍ ഏത് രീതിയിലാണ് ഇടപെടേണ്ടതെന്ന് യോഗത്തില്‍ തീരുമാനിക്കും.
ഇറാന്‍ നയതന്ത്രജ്ഞര്‍ക്ക് യൂറോപ്യന്‍ പാര്‍ലമെന്റില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ വിഷയം ചര്‍ച്ചയാകുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അതേസമയം മൂന്നാംവാരത്തിലേക്ക് കടക്കുന്ന ഇറാനിലെ പ്രക്ഷോഭത്തില്‍ മരണം 648 കടന്നു. പ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍ ഭരണകൂടം പറയുമ്പോഴും പതിനായിരങ്ങളാണ് തെരുവില്‍ പ്രതിഷേധവുമായി സംഘടിക്കുന്നത്. ഇന്റര്‍നെറ്റ് സേവനങ്ങളെല്ലാം രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.