ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ തബ്രിസ് അന്‍സാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ഹൃദയസ്തംഭനമാണെന്നതിനാല്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസിലെ 12ാം പ്രതിയെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് മരണകാരണം ഹൃദയ സ്തംഭനമാണെന്നതിനാല്‍ നരഹത്യക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. അന്‍സാരിയുടെ മൃതദേഹം രണ്ട് തവണ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും രണ്ട് റിപ്പോര്‍ട്ടിലും ഒരേകാര്യമാണ് പറയുന്നതെന്നും സീനിയല്‍ പൊലീസ് ഓഫിസര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണ്‍18നാണ് 24കാനായ തബ്രിസ് അന്‍സാരി ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേയ്ക്കു പോകുകയായിരുന്ന തബ്രിസിനെ ഒരു സംഘം തടഞ്ഞുനിറുത്തുകയും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് മണിക്കൂറുകളോളം മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തബ്രിസിനെ മരത്തില്‍ കെട്ടിയിട്ട ശേഷമായിരുന്നു ആക്രമണം. മര്‍ദ്ദനത്തെതുടര്‍ന്ന് തബ്രിസ് അബോധാവസ്ഥയിലായതിനു ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. നാലു ദിവസത്തിനു ശേഷം പൊലീസ് ആശുപത്രിയിലെത്തിച്ച തബ്രിസ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.