Breaking Now

പത്താമത് യുക്മ ദേശീയ കലാമേള മാനുവല്‍ പ്രകാശനം ചെയ്തു.................. ഇനിയുള്ള ആറ് ആഴ്ചകള്‍ അസോസിയേഷനുകളുടെ തീവ്ര പരിശീലത്തിന്റെ കാലം.......... പരമാവധി മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുവാന്‍ റീജിയണുകള്‍ അരയും തലയും മുറുക്കി രംഗത്ത്

ദശാബ്ദി വര്‍ഷം നടക്കുന്ന പത്താമത് യുക്മ ദേശീയ കലാമേളക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവേ, മത്സരങ്ങളുടെ നിയമാവലി അടങ്ങിയ 'കലാമേള മാനുവല്‍' പ്രകാശനം ചെയ്തു. ഇനിയുള്ള ദിവസങ്ങളില്‍ അസോസിയേഷനുകളുടെ പരിശീലനം പരിഷ്‌ക്കരിച്ച കലാമേള മാനുവലിലെ കൃത്യമായ മാര്‍ഗ്ഗരേഖകളുടെ  അടിസ്ഥാനത്തിലാകും പുരോഗമിക്കുക. 

 

പുതുക്കിയ കലാമേള മാനുവല്‍ റീജിയണുകള്‍ വഴി അംഗ അസ്സോസിയേഷനുകളിലേക്ക് ഇതിനകം എത്തിച്ചു കഴിഞ്ഞതായി യുക്മ നാഷണല്‍ പ്രസിഡന്റും ദേശീയ കലാമേള ചെയര്‍മാനുമായ മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറിയും ദേശീയ കലാമേള ചീഫ് കോര്‍ഡിനേറ്ററുമായ അലക്‌സ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. കേരളത്തിന് പുറത്തു നടക്കുന്ന മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കലാ മാമാങ്കം എന്ന ഖ്യാതി ഇതിനകം നേടി കഴിഞ്ഞിട്ടുണ്ട് യുക്മ ദേശീയ കലാമേളകള്‍. നൂറ്റി ഇരുപതോളം അംഗ അസോസിയേഷനുകള്‍, ഒന്‍പത് റീജിയണുകളില്‍ നടക്കുന്ന മേഖലാ കലാമേളകളില്‍ മികവുതെളിയിച്ചാണ് ദേശീയ കലാമേളയില്‍ എത്തുന്നത്. 

 

കലാകാരന്റെ ക്രീയാത്മകതക്കോ ആവിഷ്‌ക്കാര സ്വാതന്ത്രത്തിനോ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കാതെ, പ്രായോഗീകത എന്ന ആശയം മുന്‍നിറുത്തി, യു കെ മലയാളികളുടെ കലാപരമായ കഴിവുകളുടെ വളര്‍ച്ചക്കും വികാസത്തിനും ഒരു വേദിയൊരുക്കുക എന്ന യുക്മ കലാമേളകളുടെ പരമമായ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്ന വിധമാണ് പരിഷ്‌ക്കരിച്ച കലാമേള മാനുവല്‍ തയ്യാര്‍ ചെയ്തിരിക്കുന്നതെന്ന് യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിയും ദേശീയ കലാമേള ജനറല്‍ കണ്‍വീനറുമായ സാജന്‍ സത്യന്‍ പറഞ്ഞു. പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാഡമി സംസ്ഥാന അവാര്‍ഡ് ജേതാവും, ശംഖുമുഖം ആര്‍ട്ട് മ്യൂസിയം ഡയറക്റ്ററുമായ ഡോ.അജിത്കുമാര്‍ ജി ആണ് കലാമേള 2019 മാനുവല്‍  രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

 

ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന JMP സോഫ്റ്റ്‌വെയര്‍ എന്ന കമ്പനി യുക്മക്ക് വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ഈ വര്‍ഷത്തെ കലാമേളയുടെ രജിസ്‌ട്രേഷന്‍ മുതല്‍ സമ്മാനദാനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിക്കുന്നത്. യുക്മയുടെ സഹയാത്രികന്‍ കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് jmpsoftware.co.uk.

 

നവംബര്‍ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററിലാണ് പത്താമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. രാവിലെ പത്തുമണിമുതല്‍ രാത്രി പത്തുമണിവരെ, അഞ്ചു സ്‌റ്റേജുകളിലായി നടക്കുന്ന മേളയില്‍, യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം കാലാകാരന്മാരും കലാകാരികളും വേദിയിലെത്തും. മത്സരാര്‍ത്ഥികളും കുടുംബാംഗങ്ങളും കാണികളും വിപുലമായ സംഘാടക നിരയുമുള്‍പ്പെടെ അയ്യായിരത്തോളമാളുകള്‍ വന്നെത്തുന്ന, ലോക പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സാംസ്‌ക്കാരിക ഒത്തുകൂടലിനായിരിക്കും  നവംബര്‍ രണ്ടിന് ചരിത്രനഗരമായ മാഞ്ചസ്റ്റര്‍ സാക്ഷ്യംവഹിക്കുക. 

 

യുക്മ ദേശീയ കലാമേള 2019 മാനുവല്‍ താഴെ  കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വായിക്കുക:

 

https://drive.google.com/open?id=1E2tAJ1CLGn_KJ0CvOz9L_Ch8bVrWIiC

 

https://issuu.com/kalamela2019/docs/kalamela2019_v4

Sajish Tom

 

സജീഷ് ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)
കൂടുതല്‍വാര്‍ത്തകള്‍.