കൂടത്തായി കൊലപാതക പരമ്പരയില്‍ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട ജോളിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന സയനൈഡിന്റെ ബാക്കി ഒളിപ്പിച്ച ഇടത്തെക്കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ശേഷിച്ച സയനൈഡ് പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചെന്നാണ് സൂചന. എസ്.പി കെ ജി സൈമണ്‍ നേരിട്ടാണ് ജോളിയെ ചോദ്യം ചെയ്യുന്നത്.
അവിഹിതബന്ധങ്ങള്‍ മറയ്ക്കാനും സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുമാണ് ജോളി ആദ്യഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.റോയിയുടെ മദ്യപാനാസക്തിയും അന്ധവിശ്വാസങ്ങളും വിരോധത്തിന് കാരണമായി.
ജോളിക്കൊപ്പം അറസ്റ്റിലായ മറ്റു രണ്ട് പ്രതികളേയും പ്രത്യേക അന്വേഷണസംഘം വടകര റൂറല്‍ എസ്.പി ഓഫിസില്‍ ചോദ്യംചെയ്യുകയാണ്. വിപുലീകരിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെയും ഇപ്പോള്‍ കേസ് അന്വേഷിക്കുന്നവരുടേയും യോഗം വൈകിട്ട് ചേരും.