മക്‌ഡൊണാള്‍ഡ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ കമ്പനി നയപ്രകാരം കമ്പനിയില്‍ നിന്ന് പുറത്താക്കി. ഒരു ജീവനക്കാരിയുമായി പ്രണയബന്ധത്തില്‍ അകപ്പെട്ടതാണ് പുറത്താകലിന് കാരണമായതെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.
മുന്‍ പ്രസിഡന്റും, സിഇഒയുമായ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക് മോശം വിലയിരുത്തലാണ് പ്രകടമാക്കിയതെന്ന് ഫാസ്റ്റ് ഫുഡ് വമ്പന്‍മാര്‍ പറഞ്ഞു. മക്‌ഡൊണാള്‍ഡ്‌സ് നയം അനുസരിച്ച് നേരിട്ടോ, അല്ലാതെയോ മാനേജര്‍മാര്‍ക്ക് സഹജീവനക്കാരുമായി പ്രണയബന്ധം നിഷിദ്ധമാണ്.
ജീവനക്കാരിയുമായി ബന്ധം പുലര്‍ത്തിയത് സത്യമാണെന്ന് അറിയിച്ച് ജീവനക്കാര്‍ക്ക് ഈസ്റ്റര്‍ബ്രൂക് ഇമെയില്‍ സന്ദേശവും അയച്ചു. 'കമ്പനിയുടെ മൂല്യങ്ങള്‍ അനുസരിച്ച് ബോര്‍ഡിന്റെ തീരുമാനം അംഗീകരിച്ച് ഇവിടെ നിന്ന് മാറാനുള്ള സമയമായി', ഈസ്റ്റര്‍ബ്രൂക് പറഞ്ഞു.
2015 മുതല്‍ മക്‌ഡൊണാള്‍ഡ്‌സ് സിഇഒയാണ് ഈസ്റ്റര്‍ബ്രൂക്. സിഇഒ സ്ഥാനത്ത് നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്യുന്നതിനെ അനുകൂലിച്ച് കമ്പനി ഡയറക്ടര്‍മാര്‍ വോട്ട് ചെയ്തു. തൊഴിലിടത്തെ ലൈംഗിക പീഡനങ്ങള്‍ക്ക് നിരവധി ജീവനക്കാര്‍ മക്‌ഡൊണാള്‍ഡ്‌സിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിലപാട് പ്രഖ്യാപിച്ച് കൊണ്ട് ജീവനക്കാരിയെ പ്രണയിച്ച സിഇഒയ്ക്ക് പണികൊടുത്തത്.