CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 57 Minutes 21 Seconds Ago
Breaking Now

രാജ്യത്ത് ആഭ്യന്തരവിമാന സര്‍വീസ് തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്.

രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ആഭ്യന്തരവിമാന സര്‍വീസ് തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം പരിഗണിക്കണമെന്ന പ്രതിപക്ഷ ആവശ്യവും കേന്ദ്രം തള്ളി. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നത് അടക്കം 11 ഇന നിര്‍ദേശങ്ങളായിരുന്നു പ്രതിപക്ഷം സര്‍ക്കാരിന് മുന്നില്‍ വച്ചത്.

കോവിഡ് ഏറ്റവുമധികം പടരുന്ന മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിമാന സര്‍വീസ് ആരംഭിക്കുന്നത് വ്യാപനം കൂട്ടിയേക്കാമെന്ന ആശങ്ക പങ്കുവെച്ചത്. എന്നാല്‍, വിമാനസര്‍വീസ് തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം അറിയിച്ചു. മുംബൈയിലേക്ക് പ്രഖ്യാപിച്ച വിമാനസര്‍വീസ് ഒഴിവാക്കണമെന്നും മഹാരാഷ്ട്ര ആവശ്യപ്പെട്ടു. ഇതും അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. അതേസമയം, വിമാനയാത്രക്കാര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കാനാവില്ലെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.

ഏറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. ആദ്യഘട്ടത്തില്‍ മൂന്നിലൊന്ന് സര്‍വീസുകള്‍ തുടങ്ങും. ബോര്‍ഡിംഗ് പാസടക്കം ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്. കൗണ്ടര്‍ ചെക്കിന്‍ ഉണ്ടാകുകയില്ല. പകരം വെബ് ചെക്കിംഗിലൂടെ ആളുകളെ കടത്തിവിടും. ഏഴ് സെക്ഷനുകളായി തിരിച്ചാകും സര്‍വീസ് ഉണ്ടാകുക.

മുതിര്‍ന്ന പൗരന്‍മാരെ വിലക്കാനാവില്ല. ആരോഗ്യമുള്ളവര്‍ക്ക് യാത്രസൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 40 മിനിട്ട് മുതല്‍ മൂന്നര മണിക്കൂര്‍ വരെയുള്ള യാത്ര സമയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകള്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ, രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. വിമാനയാത്രക്ക് ശേഷം ക്വാറന്റീന്‍ അപ്രായോഗികമാണ്. രോഗമില്ലെന്ന് ഉറപ്പ് വരുത്തിയവരെയാണ് വിമാനയാത്രക്ക് അനുവദിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.