CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 43 Seconds Ago
Breaking Now

വിദേശ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കും, കെയര്‍ ജീവനക്കാര്‍ക്കും സര്‍ചാര്‍ജ്ജ് പിന്‍വലിച്ചത് പുലിവാലാകുമോ? അധ്യാപകരും, ബസ് ഡ്രൈവര്‍മാരും ഉള്‍പ്പെടെയുള്ള എല്ലാ കുടിയേറ്റ ജോലിക്കാരുടെയും എന്‍എച്ച്എസ് സര്‍ചാര്‍ജ്ജ് ഒഴിവാക്കണമെന്ന് മുറവിളി ഉയരുന്നു

ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലയ്ക്ക് പുറത്ത് സുപ്രധാന പ്രവര്‍ത്തനം കാഴ്ചവെച്ച എല്ലാ കുടിയേറ്റ ജോലിക്കാരുടെയും സര്‍ചാര്‍ജ്ജ് നീക്കണമെന്ന് ജിഎംബി യൂണിയന്‍

എന്‍എച്ച്എസ് സേവനങ്ങള്‍ക്കുള്ള സര്‍ച്ചാര്‍ജ്ജ് ഇളവ് അധ്യാപകരും, ബസ് ഡ്രൈവര്‍മാരും, ചാരിറ്റി വര്‍ക്കര്‍മാരും ഉള്‍പ്പെടെയുള്ള എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും ലഭ്യമാക്കണമെന്ന ആവശ്യവുമായി യൂണിയനുകളും, ക്യാംപെയിനര്‍മാരും സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നു. വിദേശ എന്‍എച്ച്എസ് ജീവനക്കാരും, കെയര്‍ വര്‍ക്കര്‍മാരും പ്രതിവര്‍ഷം 400 പൗണ്ട് വരുന്ന സര്‍ചാര്‍ജ്ജ് നല്‍കേണ്ടെന്ന് വ്യാഴാഴ്ചയാണ് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചത്. ഈ ഫീസ് ഒക്ടോബറില്‍ 623 പൗണ്ടായി ഉയര്‍ത്താനുള്ള ഒരുക്കത്തിലായിരുന്നു ഹോം ഓഫീസ്. 

എന്‍എച്ച്എസ് ജീവനക്കാരുടെയും കുടുംബങ്ങളുടെയും സര്‍ചാര്‍ജ്ജ് അനിവാര്യമാണെന്ന് വാദിച്ച് 24 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് പ്രധാനമന്ത്രി നിലപാട് തിരുത്തിയത്. എന്നാല്‍ നയംമാറ്റം ഹെല്‍ത്ത് കെയര്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്കും ബാധമാണോയെന്ന വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് ഇമിഗ്രേഷന്‍ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു. സ്വന്തം എംപിമാര്‍ക്ക് പുറമെ ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറും കനത്ത സമ്മര്‍ദം ചെലുത്തിയതോടെയാണ് വിദേശ എന്‍എച്ച്എസ് ജീവനക്കാരുടെ എന്‍എച്ച്എസ് ഫീസ് സര്‍ക്കാര്‍ വിഴുങ്ങിയത്. 

എന്നാല്‍ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലയ്ക്ക് പുറത്ത് സുപ്രധാന പ്രവര്‍ത്തനം കാഴ്ചവെച്ച എല്ലാ കുടിയേറ്റ ജോലിക്കാരുടെയും സര്‍ചാര്‍ജ്ജ് നീക്കണമെന്ന് ജിഎംബി യൂണിയന്‍ നാഷണല്‍ സെക്രട്ടറി രെഹനാ അസം ആവശ്യപ്പെട്ടു. 'കുടിയേറ്റ തൊഴിലാളികള്‍ നിരവധി പൊതു, സ്വകാര്യ മേഖലകളിലെ അവശ്യ സേവനങ്ങളുടെ മുന്‍നിരയിലുണ്ട്, അത് എന്‍എച്ച്എസ്, കെയര്‍ മേഖലയില്‍ മാത്രമല്ല. പോലീസ്, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ ഇവര്‍ ജോലി ചെയ്യുന്നു, സ്വന്തം ജീവന്‍ അപകടത്തിലാക്കി നമ്മുടെ ഓരോ ദിവസവും തുടരുന്നുവെന്ന് ഉറപ്പാക്കുന്നു', ചാര്‍ജ്ജുകള്‍ റീഫണ്ട് ചെയ്യണമെന്ന് കൂട്ടിച്ചേര്‍ത്ത് അവര്‍ പറഞ്ഞു. 

കുടിയേറ്റ ജീവനക്കാര്‍ക്ക് പുറമെ അവരുടെ കുടുംബാംഗങ്ങള്‍ക്ക് മേലുള്ള ഈ ഫീസ് ഒഴിവാക്കണമെന്ന് യുണീഷന്‍ ജനറല്‍ സെക്രട്ടറി ഡേവ് പ്രെന്റിസ് ആവശ്യപ്പെട്ടു. അവരുടെ സഹായത്തോടെ നല്‍കുന്ന സേവനം ഉപയോഗിക്കാന്‍ മറ്റുള്ളവരേക്കാള്‍ ഇരട്ടി ചാര്‍ജ്ജ് നല്‍കണമെന്നത് അന്യായമാണ്, പ്രെന്റിസ് പറഞ്ഞു. ഓരോ രണ്ടര വര്‍ഷം കൂടുമ്പോഴും മറ്റ് വിസ ഫീസുകള്‍ക്കൊപ്പമാണ് 1000 പൗണ്ട് സര്‍ചാര്‍ജ്ജ് അടയ്‌ക്കേണ്ടത്. ഒക്ടോബര്‍ മുതല്‍ ഒരു നാലംഗ കുടുംബം 2.5 വര്‍ഷത്തെ വിസ പുതുക്കുമ്പോള്‍ എന്‍എച്ച്എസ് സര്‍ചാര്‍ജ്ജ് മാത്രം 6240 പൗണ്ട് അടയ്‌ക്കേണ്ടി വരും. 4000 പൗണ്ട് വിസ ചെലവുകള്‍ക്ക് പുറമെയാണിത്. വരുമാനം കുറവുള്ള പല കുടുംബങ്ങളെയും ഇത് കുഴപ്പത്തിലാക്കുകയാണെന്ന് മൈഗ്രന്റ് വോയ്‌സ് ചാരിറ്റി ഡയറക്ടര്‍ നാസെക് റമദാന്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.